തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്രമക്കേടുകൾക്കെതിരെ ഉയർന്ന പരാതിയിൽ കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡി.ജി.പി ജേക്കബ് തോമസിനെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലെ ക്രമക്കേടുകള്‍ ചൂണ്ടികാട്ടി മുന്‍ ഡിജിപി സെന്‍കുമാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടല്‍. ശ്രീചിത്രയില്‍ നിയമനം മുതലുള്ള എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നുവെന്നായിരുന്നു സെന്‍കുമാറിന്‍റെ പരാതി. ശ്രീചിത്രയുടെ ഭരണസമിതി അംഗമാണ് സെന്‍കുമാര്‍. ഈ പരാതിയിലാണ് അന്വേഷണം നടത്താന്‍ ഡിജിപി ജേക്കബ് തോമസ് ഉള്‍പ്പടെയുള്ള മൂന്നംഗ സംഘത്തെ കേന്ദ്രം ചുമതലപ്പെടുത്തിയത്.
ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ.ഗോവര്‍ധന്‍ മേത്ത, നിംഹാന്‍സ് ഡയറക്ടറും വൈസ് ചാന്‍സിലറുമായ ബി.എന്‍.ഗംഗാധരന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. നിയമനങ്ങളില്‍ സ്വജന പക്ഷപാതം കാട്ടുന്നു, പട്ടികജാതി പട്ടിക വര്‍ഗ സംവരണം പാലിക്കാറില്ല, മികച്ച യോഗ്യതയുള്ളവരെ തഴഞ്ഞ് പലപ്പോഴും ഇഷ്ടക്കാരെ നിയമിക്കുന്നു, രാത്രി ഒമ്പത് മണിവരെ ഒപി നടത്താന്‍ ഡോക്ടര്‍മാര്‍ തയാറാണെങ്കിലും അധികൃതര്‍ തടസപ്പെടുത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് സെന്‍കുമാര്‍ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. നിസാരകാര്യങ്ങള്‍ക്ക് പോലും ഡോക്ടര്‍മാര്‍ക്ക് മെമ്മോ നല്‍കുകയാണെന്നും ഓപ്പറേഷന്‍ തിയേറ്ററില്‍ നില്‍ക്കുമ്പോള്‍ പോലും ഡോക്ടര്‍മാരുടെ മാനസിക നില തകര്‍ക്കുന്ന തരത്തില്‍ നടപടിയുണ്ടാകുന്നുവെന്നും പരാതിയില്‍ സെന്‍കുമാര്‍ ആരോപിക്കുന്നുണ്ട്.
ശ്രീചിത്രയുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാറിനാണെങ്കിലും സംസ്ഥാന സര്ക്കാറിന്റെ പ്രതിനിധികള്‍ ഭരണസമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെ നിലപാടുകളാണ് അംഗീകരിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഡിജിപി സ്ഥാനത്ത് നിന്ന് പുറത്താക്കിയതോടെ ഇടത് സര്‍ക്കാറുമായി ഇടഞ്ഞ സെന്‍കുമാര്‍ ഇപ്പോള്‍ ബിജെപി സഹയാത്രികനാണ്. ഇദ്ദേഹത്തിന്റെ പരാതിയില്‍ അന്വേഷണത്തിന് കേന്ദ്രം ചുമതലപ്പെടുത്തിയതാകട്ടെ സംസ്ഥാന സര്‍ക്കാറുമായി നിരന്തരം കലഹിക്കുന്ന മുതിര്‍ന്ന ഡിജിപിയായ ജേക്കബ് തോമസിനേയും. ആര്‍എസ്എസ് വേദികളില്‍ പ്രത്യക്ഷപെട്ട് തന്റെ കൂറ് പ്രഖ്യാപിച്ച ജേക്കബ് തോമസിലൂടെ സംസ്ഥാന സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാമെന്ന കണക്ക് കൂട്ടലാണ് കേന്ദ്ര സര്‍ക്കാറിനുള്ളത്.