തിരുവനന്തപുരം : മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പട്ടിക വര്‍ഗത്തിലേക്ക് ചട്ടവിരുദ്ധമായി തിരുകി കയറ്റിയ നടപടിയില്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. ജോബ് കാര്‍ഡിലെ കാറ്റഗറി വിഭാഗം എഡിറ്റ് ചെയ്യാനുള്ള സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂട്ടിട്ടതോടെ തിരിമറി ക്രമീകരിക്കാന്‍ സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ കേന്ദ്ര സര്‍ക്കാരിൻ്റെ അനുമതി തേടി. തെറ്റായി,വിഭാഗം രേഖപ്പെടുത്തിയ ജോബ് കാര്‍ഡ് എന്‍ട്രികള്‍ ക്രമപ്പെടുത്താന്‍ അനുമതി നല്‍കിയ ഉത്തരവിൻ്റെ പകര്‍പ്പ് ഇ.ടി.വി ഭാരതിന് ലഭിച്ചു. 2021 മെയ് 27 മുതല്‍ 2021 ജൂണ്‍ 26 വരെ 30 ദിവസത്തെ അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഈ കാലാവധി ഒരു കാരണവശാലും നീട്ടിനല്‍കില്ലെന്നും ഉത്തരവിലുണ്ട്.
ജനറല്‍ ആയവരെ പട്ടികവര്‍ഗ വിഭാഗത്തിലേക്ക് ചട്ട വിരുദ്ധമായി തിരുകികയറ്റി കേരളത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നും ഇതിലൂടെ ട്രൈബല്‍ പ്ലസ് പദ്ധതി പ്രകാരമുള്ള അധിക തൊഴില്‍ ദിനവും വേതനവും അനര്‍ഹര്‍ക്ക് ലഭ്യമാക്കുന്നുവെന്നും 2021 ഏപ്രില്‍ 14-ന് ഇ.ടി.വി ഭാരത് തെളിവുകള്‍ സഹിതം വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ അധികൃതര്‍ പ്രതികരിച്ചിരുന്നില്ല. എന്നാൽ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങള്‍ അന്വേഷിക്കുകയും ഏറെക്കുറെ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്. ഈ വിവരവും ഇ.ടി.വി ഭാരത് ഏപ്രില്‍ 19 ന് വെളിപ്പെടുത്തിയിരുന്നു.
![Central govt locks tribal plus scam ETV Bharat Impact ട്രൈബല്‍ പ്ലസ് തട്ടിപ്പ് വാർത്ത ഇടിവി ഭാരത് ഇംപാക്‌ട് വാർത്ത ട്രൈബല്‍ പ്ലസ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തിരിമറി വാർത്ത Central govt locks tribal plus scam tribal plus scam news etv](https://etvbharatimages.akamaized.net/etvbharat/prod-images/11967543_845_11967543_1622469827442.png)
അതേസമയം തൊഴിലുറപ്പ് പദ്ധതിയുടെ രജിസ്ട്രേഷന്‍ ഓഫിസര്‍മാരായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ കര്‍ശനമായ മേല്‍നോട്ടത്തില്‍ വളരെ സൂക്ഷ്മതയോടെ പരിശോധിച്ചാല്‍ മാത്രമേ ഈ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിയൂ. അതാത് ഗ്രാമ പഞ്ചായത്തുകളിലെ എസ്.ടി പ്രമോട്ടര്‍മാര്‍, എസ്.സി പ്രമോട്ടര്‍മാര്‍ എന്നിവരുടെ സഹായത്തോടെ തൊഴിലുറപ്പിലെ അക്കൗണ്ടൻ്റ് കം ഐ.ടി അസിസ്റ്റൻ്റുമാരുടെ സാന്നിധ്യത്തിലാണ് പരിശോധന. രഹസ്യമായി തിരുത്തല്‍ വരുത്തി ക്രമക്കേട് കാട്ടിയ അക്കൗണ്ടൻ്റ് കം ഐ.ടി അസിസ്റ്റൻ്റുമാരെ പുനക്രമീകരിക്കാന്‍ ഏൽപ്പിക്കുകയാണെങ്കില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ ഭാവിയില്‍ ഗൗരവമായ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ട സാഹചര്യം ഉണ്ടായേക്കും. ഈ നടപടികള്‍ കൃത്യതയോടെ പൂര്‍ത്തിയായാല്‍ ഇനിമേല്‍ ക്രമക്കേട് നടത്താന്‍ കഴിയില്ല.
2018-19, 2019-20 , 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ ട്രൈബല്‍ പ്ലസിനായി വകയിരുത്തിയ കോടികളാണ് തട്ടിപ്പുനടത്തി പട്ടികവര്‍ഗക്കാരല്ലാത്ത അനര്‍ഹരുടെ കൈകളില്‍ എത്തിച്ചത്. പട്ടികവര്‍ഗ ക്ഷേമത്തിനായുള്ള തുക മറ്റുള്ളവര്‍ക്ക് ലഭ്യമാക്കുന്നത് അതീവ ഗുരുതരമായ ക്രിമിനല്‍ കുറ്റവും ചട്ടലംഘനവും ഭരണഘടനാവിരുദ്ധവുമാണ്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കണ്ടെത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും തുക പിടിച്ചെടുത്ത് തിരികെ സര്‍ക്കാര്‍ ഖജനാവില്‍ എത്തിക്കേണ്ടതുമാണ്. പഞ്ചായത്തുതലത്തില്‍ തൊഴിലുറപ്പ് നിര്‍വഹണത്തില്‍ സെക്രട്ടറിയെ സഹായിക്കാനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അസിസ്റ്റൻ്റ് സെക്രട്ടറിമാര്‍ പദ്ധതിയെക്കുറിച്ച് പഠിക്കാത്തതും ഇടപെടാത്തതും പഞ്ചായത്തുതല സംവിധാനത്തെ നാഥനില്ലാ കളരിയാക്കിയിട്ടുണ്ട്.