തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. 8000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതുപ്രകാരം ഈ വര്‍ഷം സംസ്ഥാനത്തിന് 15390 കോടി രൂപ വായ്‌പയെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 23000 കോടി രൂപയുടെ വായ്‌പയ്‌ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതാണ് വലിയ രീതിയില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടേയും വായ്‌പയുടെ പേര് പറഞ്ഞാണ് കേന്ദ്രത്തിന്‍റെ ഈ നടപടി. മാത്രമല്ല സംസ്ഥാനം ദൈനംദിന ചെവലവിനടക്കം പണം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടതായും വരും.
മുമ്പ് ഇങ്ങനെ : ഈ സാമ്പത്തിക വര്‍ഷത്തേക്കാണ് ഇത്രയും തുകയുടെ വായ്‌പാപരിധി നിശ്ചയിച്ചിരിക്കുന്നത്. സാമ്പത്തിക വര്‍ഷം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ തന്നെ സംസ്ഥാനം വിവിധ ചെലവുകള്‍ക്കായി 2000 കോടി കടമെടുത്തു കഴിഞ്ഞു. ഇതുകൂടി പരിഗണിച്ചാല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സംസ്ഥാനത്തിന് 13390 കോടി രൂപ കൂടി മാത്രമേ വായ്‌പയെടുക്കാന്‍ കഴിയൂ.
ചെലവ് ചുരുക്കല്‍ അടക്കമുള്ള നടപടികളിലൂടെ ട്രഷറിയിലെ നീക്കിയിരിപ്പ് അടക്കം ചിലവഴിച്ച ശേഷമാണ് രണ്ട് മാസത്തിനുള്ളില്‍ തന്നെ രണ്ടായിരം കോടി കടമെടുത്തത്. എന്നിട്ടും മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇപ്പോഴും കുടിശ്ശികയാണ്. ഇത് കൂടാതെ ജീവനക്കാരുടെ ഡിഎ കുടിശ്ശികയടക്കം വിതരണം ചെയ്‌തിട്ടില്ല. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുപോയാല്‍ ഇവയുടെയെല്ലാം വിതരണത്തെ ഈ സാമ്പത്തിക പ്രതിസന്ധി ബാധിക്കും.
എന്താണ് വായ്‌പാപരിധി : എല്ലാ സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തിലും ഓരോ സംസ്ഥാനത്തിന്‍റെയും ആ വര്‍ഷത്തെ വായ്‌പയെടുക്കാന്‍ കഴിയുന്ന തുക കേന്ദ്രം കത്തിലൂടെ അറിയിക്കുകയാണ് പതിവ്. അത്തരത്തില്‍ കേരളത്തിന് 32440 കോടി രൂപ വായ്‌പയെടുക്കാന്‍ അവകാശമുണ്ടെന്ന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഒമ്പത് മാസത്തേക്ക് വായ്‌പയെടുക്കാന്‍ കഴിയുന്ന തുകയ്ക്കുളള അനുമതി തേടി സംസ്ഥാനം നല്‍കിയ കത്തിനുള്ള മറുപടിയിലാണ് കടുംവെട്ട് വിവരം കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കിഫ്ബിയിലൂടെ വികസന പ്രവര്‍ത്തനത്തിനായി എടുത്ത വായ്‌പകള്‍ ബജറ്റിന് പുറത്തുള്ള കടമെടുപ്പെന്നായിരുന്നു സംസ്ഥാനത്തിന്‍റെ നിലപാട്. എന്നാല്‍ ഇത് കംട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ അംഗീകരിച്ചിരുന്നില്ല. ഇത്തരത്തിലുള്ള കടമെടുപ്പിന്‍റെ ബാധ്യത സംസ്ഥാന ബജറ്റിന്മേല്‍ തന്നെ എത്തുമെന്നായിരുന്നു സിഎജിയുടെ നിലപാട്. ഇത് തന്നെയാണ് വായ്‌പാപരിധി വെട്ടിക്കുറച്ച് കേന്ദ്രവും അംഗീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ വായ്‌പകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇത്രയും തുകയ്ക്കുളള അനുമതിയേ നല്‍കാന്‍ കഴിയൂവെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തിന് തലവേദന : ഇത് സംസ്ഥാനത്തെ സാരമായി തന്നെ ബാധിക്കുമെന്നുറപ്പാണ്. സംസ്ഥാനതത്തെ കേന്ദ്രം വരിഞ്ഞ് മുറുക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആരോപിച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് ഇത്തരത്തില്‍ കേന്ദ്രം പെരുമാറുന്നത്. ഇത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനം പലതവണ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ കേന്ദ്രം ഇവയൊന്നും പരിഗണിച്ചില്ല. ബജറ്റിലെ അധിക നികുതി നിര്‍ദേശങ്ങളും ഇന്ധന സെസുമടക്കം സംസ്ഥാനം ഈ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയില്‍ അപര്യാപ്‌തമാണ്. അതിനാല്‍ ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നതില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് ഏറെ തലപുകയ്‌ക്കേണ്ടി വരും.