തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഡി ആർ ഐ രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം നടക്കവേയാണ് സിബിഐ സമാന്തരമായി കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ തിരുവനന്തപുരം കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ ഉൾപ്പെടെ അഞ്ചുപേരെ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. ഗൾഫിൽ നിന്ന് സ്വർണം കടത്തിയ സംഘത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് അറസ്റ്റിലായവർ മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് തിരുവനന്തപുരം കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ ഒന്നാം പ്രതി ആക്കിയിരിക്കുന്നത്. ഇദ്ദേഹം ഉൾപ്പെടെ കേസിൽ ആകെ ഒമ്പത് പ്രതികളാണ് സിബിഐയുടെ കുറ്റപത്രത്തിൽ ഉള്ളത്. നിരവധി തവണ ഈ സംഘത്തിന് സ്വർണം കടത്തുന്നതിന് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ നൽകിയതായി എഫ്ഐആറിൽ പറയുന്നു. ഇതിനായി കസ്റ്റംസ് ഉദ്യോഗസ്ഥരും സ്വർണക്കടത്ത് കേസിലെ പ്രതികളും തമ്മിൽ നിരവധി തവണ ഗൂഢാലോചന നടത്തി. ഒരു വർഷത്തിലേറെയായി പല ഘട്ടങ്ങളിൽ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾക്ക് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധം സംബന്ധിച്ച് എഫ്ഐആറിൽ സൂചനകൾ ഒന്നുമില്ല. അതിനിടെ ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും മൊഴിയെടുപ്പ് തുടർന്നു. തന്‍റെ മകനുമായി സാമ്പത്തിക ബന്ധമുണ്ടായിരുന്നുവെന്ന് ബാലഭാസ്കറിന്‍റെ പിതാവ് കെ സി ഉണ്ണി ആരോപിച്ച പാലക്കാട് പൂന്തോട്ടം ആയുർവേദ ആശ്രമത്തിലെ എംഡി ഡോക്ടർ രവീന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. രഹസ്യമായ സാമ്പത്തിക ഇടപാടുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും കടമായി വാങ്ങിയ 15 ലക്ഷം രൂപ തിരിച്ചു നൽകിയെന്നും ഡോക്ടർ രവീന്ദ്രൻ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയതായാണ് സൂചന. ബാലഭാസ്കർ മരണത്തിനു തൊട്ടുമുമ്പ് ദർശനം നടത്തിയ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ദേവസ്വം അധികൃതരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം ഇന്ന് മൊഴി രേഖപ്പെടുത്തി.