തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു. ആത്മഹത്യയാണെന്ന് സംശയം. നെടുമങ്ങാട് കരിപ്പൂർ മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകനുമാണ് (12) മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ (21.06.2022) ആയിരുന്നു സംഭവം.
കൊല്ലത്ത് നിന്നും തിരുവനന്തപുരതത്തേക്ക് പോയ ടാങ്കർ ലോറിയിൽ എതിർ ദിശയിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്. വിദേശത്ത് താമസിക്കുന്ന ഭാര്യയെ കുറിച്ചും ഭാര്യയുടെ സുഹൃത്തുക്കളെ കുറിച്ചും കത്തിൽ സൂചനകൾ ഉള്ളതായി പറയുന്നു.
എന്നാൽ, ഇത് സംബന്ധിച്ച് പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. പ്രകാശ് ദേവരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിലും മറ്റും ആത്മഹത്യ സൂചനയുള്ള പോസ്റ്റുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മൃതദേഹങ്ങൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.