തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി വീണ്ടും നീട്ടണമെന്നാവശ്യവുമായി ഉദ്യോഗാര്‍ഥികള്‍. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് നിയമനം നടത്താതെ മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി ആഗസ്റ്റില്‍ അവസാനിക്കുന്നത് അമ്പതോളം പിഎസ്‌സി റാങ്ക് ലിസ്റ്റുകളാണ്. കാലാവധി കഴിയുന്ന ഒരു തസ്‌തികയുടെയും പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് കാരണമാക്കി ഇഷ്ടക്കാർക്ക് താത്കാലിക നിയമനം നൽകുമെന്ന ആശങ്കയുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ചു. വിജ്ഞാപനം പ്രസിദ്ധീകരിച്ച് പരീക്ഷ നടത്തി നിയമനം നടത്താൻ കുറഞ്ഞത് രണ്ട് വർഷമെടുക്കുമെന്നത് താത്കാലിക നിയമനങ്ങൾക്ക് മതിയായ കാരണമായി സർക്കാർ ഉപയോഗിക്കുമെന്നാണ് ആശങ്ക. ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 20 മുതൽ ജൂൺ 18 വരെ കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും ജൂൺ 19 വരെ നീട്ടിയിരുന്നു. അതേസമയം ലോക്ക് ഡൗണിൽ സർക്കാർ ഓഫീസുകള്‍ കാര്യമായി പ്രവർത്തിക്കുകയോ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്‌തിട്ടില്ല. അതിനാൽ കാലാവധി നീട്ടിയതിൻ്റെ പ്രയോജനം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു.
ജൂൺ 19 മുതൽ ജൂലൈ 31 വരെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമായി ഇരുന്നൂറിലധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ട്. റദ്ദായവയുടെ കാലാവധി നീട്ടാനാവില്ല. അതേസമയം ഈ മാസം കാലാവധി കഴിയുന്ന ലിസ്റ്റുകൾ സർക്കാരിന് നീട്ടാനാവുമെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഏറെ പ്രധാനമായ ആരോഗ്യമേഖലയിലെ നിരവധി റാങ്ക് ലിസ്റ്റുകളും ഈ മാസം റദ്ദാകും. ആരോഗ്യവകുപ്പിൽ അസിസ്റ്റന്‍റ് ഡെൻ്റൽ സർജൻ, കെമിസ്റ്റ് ഗ്രേഡ് 2, ജൂനിയർ സയന്‍റിഫിക് ഓഫീസർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിഹാബിലിറ്റേഷൻ ടെക്‌നീഷ്യൻ ഗ്രേഡ് 2, അസിസ്റ്റന്‍റ് പ്രൊഫസർ ഇൻ ഫാർമക്കോളജി, ഫിസിയോളജി, നെഫ്രോളജി, മൈക്രോബയോളജി, ഫോറൻസിക് മെഡിസിൻ, ബയോകെമിസ്ട്രി, അനാട്ടമി എന്നീ തസ്‌തികകളിലെ റാങ്ക് ലിസ്റ്റുകൾ ഇതിൽപ്പെടുന്നു.
അസിസ്റ്റന്‍റ് ഡൻ്റൽ സർജൻ തസ്‌തികയിൽ മൂന്ന് വർഷത്തിനിടെ നിയമന ശുപാർശ നൽകിയത് 19 പേർക്ക് മാത്രം. അവസാന നിയമന ശുപാർശ അയക്കുന്നത് 2019 ഡിസംബറിലാണ്. അസിസ്റ്റന്‍റ് പ്രൊഫസർ ഇൻ അനാട്ടമിയിൽ അവസാന നിയമന ശുപാർശ നൽകിയത് 2017 ഒക്ടോബറിലാണ്. നിയമന ശുപാർശ നൽകിയത് 23 പേർക്ക് മാത്രം. എൽഡിസി റാങ്ക് പട്ടിക അവസാനിക്കാൻ ശേഷിക്കുന്നത് ഏഴു മാസം മാത്രമാണ്. നടന്ന നിയമനങ്ങളും തുച്ഛം. ഈ പശ്ചാത്തലത്തിലാണ് റാങ്ക് പട്ടിക നീട്ടണമെന്ന ആവശ്യം ഉദ്യോഗാർഥികൾ വീണ്ടും ഉന്നയിക്കുന്നത്.