തിരുവനന്തപുരം: സ്ഥാനാർഥികള്‍ക്ക് സ്വന്തം ചെലവില്‍ വെബ് കാസ്റ്റിങ്ങും വീഡിയോഗ്രഫിയും ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ് കാസ്റ്റിങ്ങോ വീഡിയോഗ്രഫിയോ ഏര്‍പ്പെടുത്താത്ത ബൂത്തുകളിൽ സ്ഥാനാർഥികള്‍ക്കോ രാഷ്‌ട്രീയ പാർട്ടികൾക്കോ സ്വന്തം ചെലവില്‍ ഇവ ഏർപ്പെടുത്താം. സ്വതന്ത്രവും നീതിപൂർവവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് ഈ സംവിധാനം അനുവദിക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
വീഡിയോഗ്രാഫര്‍മാരെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിയോഗിക്കും. ഇതിനുള്ള നിശ്ചിത തുക ജില്ലാ കലക്‌ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലോ ജില്ലാ കലക്‌ടറുടെയും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടറുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലോ അടയ്ക്കണം. ഇതിനുള്ള ചെലവ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തില്ല. വീഡിയോ റെക്കോര്‍ഡിങ്ങിന്‍റെ പകർപ്പ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനല്ലാതെ മറ്റാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ നല്‍കാന്‍ പാടില്ലെന്നും കമ്മിഷന്‍ അറിയിച്ചു.