തിരുവനന്തപുരം: യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രെയിനുകൾ റദ്ദാക്കാനുള്ള റെയിൽവേയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി, എറണാകുളം തിരുവനന്തപുരം വേണാട് എക്സ്പ്രസ് എന്നിവയാണ് ശനിയാഴ്‌ച മുതൽ നിർത്തലാക്കാൻ റെയിൽവേ തീരുമാനിച്ചത്. 25% പോലും യാത്രക്കാർ ഇല്ലാത്തതിനാലാണ് സർവീസ് നിർത്തുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ 24.25 ശതമാനവും തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദിയിൽ 20.86 ശതമാനവും എറണാകുളം തിരുവനന്തപുരം വേണാട് എക്സ്പ്രസിൽ 13.29 ശതമാനം ആളുകൾ മാത്രമാണ് യാത്ര ചെയ്യുന്നതെന്നാണ് റെയിൽവേ പറയുന്നത്. ഇത്തരത്തിൽ രാജ്യത്താകമാനം ഏഴു പ്രത്യേക ട്രെയിൻ സർവീസുകൾ പിൻവലിക്കാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. റെയിൽവേയുടെ ഈ തീരുമാനത്തിനെതിരെയാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പൊതുഗതാഗത സംവിധാനത്തിന്‍റെ മാനദണ്ഡം ലാഭം മാത്രമാണോ എന്ന ചോദ്യമാണ് യാത്രക്കാർ ഉയർത്തുന്നത്. സാധാരണക്കാരുടെയും നിശ്ചിത വരുമാനക്കാരുടെയും സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള റെയിൽവേയുടെ നടപടികൾ പിൻവലിക്കണമെന്ന് യാത്രക്കാർ പറയുന്നു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെയും കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാരുടേയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് സെയിൽസ് ആവശ്യപ്പെട്ടു. തീരുമാനം പുനപരിശോധിക്കാൻ തയ്യാറായില്ലെങ്കിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും സംഘടന അറിയിച്ചു.