തിരുവനന്തപുരം: കേരള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സംസ്ഥാന ആരോഗ്യ ഏജന്‍സി രൂപീകരിക്കാനൊരുങ്ങുന്നു. ഇതിനുവേണ്ടി 33 തസ്‌തികകള്‍ സൃഷ്‌ടിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലുള്ള സൊസൈറ്റിയായ സെന്റര് ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്പ്രണര്ഷിപ്പ് ഡവലപ്‌മെന്റിന്റെ (സി-സ്റ്റെഡ്) പ്രവര്‍ത്തനം അവസാനിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കൂടാതെ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന 13 പേരെ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് സ്ഥിരപ്പെടുത്തും. ഇവരില്‍ ആറ് പേര്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരാണ്.
സ്റ്റീല്‍ ആന്‍റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്‌ടറായി പുല്ലാനിക്കാട്ട് സുരേഷിനെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹാന്‍റ്‌വീവ് മാനേജിങ് ഡയറക്‌ടറായി അനൂപ് നമ്പ്യാരെ നിയമിക്കാനും മുന്‍ കൃഷി ഡയറക്ടര്‍ എ.ആര്‍.അജയകുമാറിനെ ഫുഡ് സേഫ്റ്റി കമ്മിഷണറായി മാറ്റി നിയമിക്കാനും തീരുമാനമായി.