തിരുവനന്തപുരം: കുനൂരില്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വ്യോമസേന ജൂനിയര്‍ വാറന്‍റ് ഓഫീസര്‍ തൃശൂര്‍ പൊന്നൂക്കര സ്വദേശി എ. പ്രദീപിന്‍റെ ഭാര്യ ശ്രീലക്ഷ്‌മിക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കുടുംബത്തിന് 5 ലക്ഷം രൂപയുടെ ധനസഹായവും ഗുരുതര രോഗബാധിതനായി കഴിയുന്ന പിതാവ് രാധാകൃഷ്‌ണന്‍റെ ചികിത്സാര്‍ത്ഥം 3 ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
യുദ്ധത്തിലോ സൈനിക ആക്രമണങ്ങളിലോ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കാണ് സര്‍ക്കാര്‍ നിയമനത്തിന് വ്യവസ്ഥയെങ്കിലും പ്രദീപിന്‍റേത് ഒരു പ്രത്യേക വിഷയമായി മന്ത്രിസഭ പരിഗണിക്കുകയായിരുന്നെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. 2018ലെ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ വ്യോമസേനയില്‍ സ്വയം സേവന സന്നദ്ധനായി കേരളത്തില്‍ എത്തി നിരവധി പേരെ രക്ഷപ്പെടുത്തിയ പ്രദീപിന്‍റെ സേവനവും ഇക്കാര്യത്തില്‍ പരിഗണിച്ചു. എംകോം ബിരുദധാരിയായ പ്രദീപിന്‍റെ ഭാര്യയ്ക്ക് ഏത് വകുപ്പില്‍ ജോലി നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും യോഗ്യതയ്ക്കനുസൃതമായ ജോലി നല്‍കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.
ഡിസംബര്‍ 8ന് ഉച്ചയ്ക്ക് 12.25നാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം യാത്ര ചെയ്യവേ ഹെലികോപ്‌റ്റര്‍ തകര്‍ന്ന് പ്രദീപ് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്‌റ്റന്‍ വരുണ്‍ സിങ് ഇന്ന് മരിച്ചതോടെ ഹെലികോപ്‌റ്ററിലുണ്ടായിരുന്ന മുഴുവന്‍ പേരും കൊല്ലപ്പെട്ടു.
ALSO READ: PG doctors strike: പിജി ഡോക്ടര്‍മാരുടെ ആവശ്യം അംഗീകരിക്കാനാവില്ല; നയം വ്യക്തമാക്കി ധനവകുപ്പ്