തിരുവനന്തപുരം: സീറോ ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ച് സംസ്ഥാന സർക്കാർ. 2021ൽ കേന്ദ്ര സർക്കാറിന് കൈമാറിയ ഭൂപടവും റിപ്പോർട്ടുമാണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ്സൈറ്റുകളിൽ റിപ്പോർട്ടും ഭൂപടവും വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ മേഖലകൾക്കും വ്യത്യസ്‌ത നിറങ്ങളിൽ സൂചന നൽകിയാണ് ഭൂപടം തയാറാക്കിയിരിക്കുന്നത്. കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, റോഡുകള്‍ തുടങ്ങിയവ 12 ഇനമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനവാസ മേഖലകളെയും ബഫർസോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത്രയേറെ ജനവാസ കേന്ദ്രങ്ങൾ ഉണ്ടെന്ന് കോടതിയെ അറിയിക്കാനാണ് ശ്രമമെന്നാണ് സർക്കാർ വിശദീകരണം. ഇതിൽ ആശങ്ക വേണ്ടെന്നാണ് സർക്കാർ അറിയിക്കുന്നത്. സംസ്ഥാനത്തെ 22 സംരക്ഷിത വനമേഖലയ്‌ക്ക് ചുറ്റുമുള്ള വിശദമായ ഭൂപടമാണ് തയാറാക്കിയിരിക്കുന്നത്.
ജനവാസ മേഖലകളെ വയലറ്റ് നിറത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതിലോല മേഖലയ്‌ക്ക് പിങ്ക് നിറവും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നീല നിറവും നൽകിയിട്ടുണ്ട്. കറുപ്പ്- പഞ്ചായത്ത്, ചുമപ്പ്- വാണിജ്യ കെട്ടിടങ്ങള്‍, ബ്രൗണ്‍- ഓഫിസ്, മഞ്ഞ- ആരാധനാലയങ്ങള്‍, വയലറ്റ്- താമസസ്ഥലം എന്നിങ്ങനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ഈ ഭൂപടത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങൾ പരാതികൾ ഉന്നയിക്കേണ്ടത്. വയനാട്, കോഴിക്കോട് ജില്ലകളിലെ 7 പഞ്ചായത്തുകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓരോ വില്ലേജിലെയും പ്ലോട്ട് തിരിച്ചുള്ള വിവരം മാപ്പിൽ ലഭ്യമാണ്.
ബഫർസോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ ഇന്നലെ നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. വിട്ടുപോയ നിർമിതികൾ കൂട്ടിച്ചേർക്കാനും നിർദേശമുണ്ട്. ഫീൽഡ് തല സർവേ നടപടികൾ വേഗത്തിൽ ആരംഭിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
പണിമുടക്കി വെബ്സൈറ്റ്: ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് പണിമുടക്കി. ഇന്ന് രാവിലെയാണ് 2021ൽ സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ബഫർസോൺ ഭൂപടം വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചത്. ഓരോ മേഖലകൾക്കും വ്യത്യസ്‌ത നിറങ്ങൾ നൽകിയുള്ള വ്യക്തമായ ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. ഭൂപടത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് അറിയിക്കാനും സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതോടെ കൂടുതൽ ആളുകൾ വെബ്സൈറ്റ് സന്ദർശിച്ചതോടെയാണ് വെബ്സൈറ്റിൽ പണിമുടക്കിയത്. എന്നാല്‍ ഒന്നര മണിക്കൂറിനകം സൈറ്റ് തിരികെയെത്തി.
ബഫർസോൺ ഭൂപടം https://www.kerala.gov.in/subdetail/MTAzNDg5MDcyLjI4/MjIwNjM2NjAuMDg= എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകും