തിരുവനന്തപുരം: ഭിന്നശേഷിക്കാരെ കൈപിടിച്ചുയര്‍ത്താന്‍ കോഫീ ഷോപ്പെന്ന പുതിയ ആശയം. കുന്നത്തുകാല്‍ പഞ്ചായത്തിന്‍റെയും സുമനസുകളുടെയും സഹായത്തോടെയാണ് കോഫി ഷോപ്പ് തുടങ്ങിയത്.
പാലിയോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി വിദ്യാലയത്തിലെ തെരെഞ്ഞെടുക്കപ്പെട്ട 37 കുട്ടികളും 10 അമ്മമാരുമാണ് ഈ 'ബഡ്സ് കോഫി ഷോപ്പിലെ ' ജീവനക്കാര്‍. വിദ്യാർഥികൾ നിർമിച്ച മെഴുകുതിരി, ചന്ദനത്തിരി, ലോഷനുകൾ, വിവിധ അലങ്കാര ഉൽപ്പന്നങ്ങൾ തുടങ്ങിയവയും വില്‍പനക്ക് വെച്ചിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ എത്തുന്ന കുട്ടികള്‍ക്കൊപ്പം അമ്മമാരും കോഫി ഷോപ്പില്‍ ജീവനക്കാരായി പ്രവർത്തിക്കും. ഭാവിയിൽ ഇവരുടെ നേതൃത്വത്തിൽ ഒരു കൃഷിത്തോട്ടം ഒരുക്കുന്ന കാര്യംവും പരിഗണനയിലാണ്.
ഷോപ്പിലെ വിറ്റുവരവിലെ ലാഭവിഹിതം കുട്ടികള്‍ക്ക് തന്നെ വിതരണം ചെയ്യുന്ന തരത്തിലാണ് കോഫി ഷോപ്പിന്‍റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ഇതിലേക്കായി ഒരു അക്കൗണ്ടും തുറന്നിട്ടുണ്ട്. കോഫി ഷോപ്പിന്‍റെ ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.ഷോപ്പിലെത്തുന്നവര്‍ കൂടുതല്‍ പണം നല്‍കി സംരംഭത്തെ സഹായിക്കണമെന്ന് എംഎല്‍എ പറഞ്ഞു.