തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കേരളത്തോട് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അവഗണന കാണിച്ച കേന്ദ്ര ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം മുന്നോട്ടുവച്ച ഒരു ആവശ്യവും കേന്ദ്രം പരിഗണിച്ചിട്ടില്ല.
കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം മുന്‍ വര്‍ഷത്തെക്കാള്‍ 5,000 കോടി കുറച്ചത് കടുത്ത അനീതിയാണ്. തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ചു. ജിഎസ്‌ടി നഷ്‌ടപരിഹാര തുക, കടത്തിന്റെ പരിധി ഉയര്‍ത്തല്‍, കേരളത്തിന് എയിംസ് തുടങ്ങിയ ആവശ്യങ്ങളോടെല്ലാം കേന്ദ്രം മുഖം തിരിച്ചിരിക്കുകയാണ്. ദേശീയപാത വികസനം വേഗത്തിലാക്കുന്നതിനും, നിര്‍ദിഷ്‌ട അതിവേഗ റെയില്‍ പദ്ധതി എന്നിവയ്‌ക്ക് ഒരു പരിഗണനയും നല്‍കിയിട്ടില്ലെന്നും കൊടിയേരി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
സഹകരണ സംഘങ്ങള്‍ക്ക് മേല്‍ 22 ശതമാനം നികുതിയും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം കേരളത്തിന് വന്‍ തിരിച്ചടിയാണ്. സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും വന്‍ നികുതിയിളവുകള്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് പണം കണ്ടെത്താനാണ് ശ്രമിയ്‌ക്കുന്നത്. എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കാനുള്ള നീക്കം ബിഎസ്‌എന്‍എല്ലിന് പിന്നാലെ ഈ പൊതുമേഖലാ സ്ഥാപനത്തെയും തകര്‍ക്കാനാണെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയിലൂടെ കുറ്റപ്പെടുത്തി.