തിരുവനന്തപുരം : ബ്രൂവറി അഴിമതിയുമായി ബന്ധപ്പെട്ട് ലൈസൻസ് നൽകിയ സർക്കാർ ഫയലുകൾ ഹാജരാക്കുന്നതില്‍ തർക്കം ഉണ്ടെങ്കിൽ തർക്കഹർജി സമർപ്പിക്കാന്‍ വിജിലൻസിന് കോടതിയുടെ കർശന നിർദേശം. ഈ ഹർജിയിൽ ഉത്തരവ് നൽകിയാൽ മാത്രമേ കോടതിക്ക് കേസ് നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. ഇക്കാരണത്താലാണ് വിജിലൻസ് നടപടി വേഗത്തിലാക്കാൻ കോടതി നിർദേശം നൽകിയത്.
ബ്രൂവറിക്ക് ലൈൻസൻസ് നൽകിയ സമയത്തുള്ള സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കാന്‍ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.
മുഖ്യമന്ത്രി പിണറായി വിജയൻ, എക്‌സൈസ് മുൻ മന്ത്രി ടി.പി രാമകൃഷ്‌ണൻ, എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ്, ബ്രൂവറി-ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാർ എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
മുൻ മന്ത്രി ഇ.പി ജയരാജൻ്റെ അഭിഭാഷകൻ കോടതിൽ ഹാജരായി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്‌ജി ജി. ഗോപകുമാറാണ് കേസ് പരിഗണിക്കുന്നത്.