തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ മരത്തിന്‍റെ കൊമ്പ് കാറുകളുടെ മുകളിലേക്ക് ഒടിഞ്ഞു വീണ് അപകടം. എസ്എടിയുടെ പഴയ കാഷ്വാലിറ്റിക്കു മുന്നിൽ പാർക്ക് ചെയ്‌തിരുന്ന അഞ്ച് കാറുകളുടെ മുകളിലേക്കാണ് മരക്കൊമ്പ് ഒടിഞ്ഞ് വീണത്. കാറുകളിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി വാഹനങ്ങള്‍ക്ക് മുകളിലുണ്ടായ മരച്ചില്ല വെട്ടിനീക്കി. മഴക്കാലമായിട്ടും അപകടകരമായ രീതിയിൽ തുടരുന്ന മരച്ചില്ലകൾ വെട്ടിനീക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. മെഡിക്കൽ കോളജ് വളപ്പില്‍ പലയിടത്തും ഒടിഞ്ഞു വീഴാറായ മരച്ചില്ലകളുണ്ട്.
കാലവർഷം എത്തുന്നതിന് മുൻപ് ഇവ അടിയന്തിരമായി നീക്കം ചെയ്‌തില്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ പറയുന്നു.