തിരുവനന്തപുരം: കേരളത്തിൽ ഐഎസ് സാന്നിധ്യം ഉണ്ടെന്ന ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്ന് പറഞ്ഞ കെ.സുരേന്ദ്രൻ പൊലീസിലും ഐഎസ് സാന്നിധ്യമുണ്ടെന്നും പൊലീസ് ആസ്ഥാനത്തും സ്ലീപിങ് സെല്ലുകൾ പ്രവർത്തിക്കുന്നണ്ടെന്നും ആരോപിച്ചു.
ആരോപണം ചെറുതല്ല
ഐഎസിന് വേണ്ടി സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാർഥികൾ കേരളത്തിലെ സർവ്വകലാശാലകളിലേക്ക് കുടിയേറുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. സിറിയയിൽ നിന്ന് 1042 വിദ്യാർത്ഥികൾ കേരള സർവ്വകലാശാലയിലേക്ക് വരാൻ അപേക്ഷ നൽകിയതിൽ അസ്വാഭാവികതയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
Also Read: കരിപ്പൂർ സ്വർണക്കടത്ത്; അര്‍ജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി
കേരളത്തിലെ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രം എകെജി സെൻ്ററാണെന്ന് പറഞ്ഞ സുരേന്ദ്രൻ 2014 മുതൽ 2017 വരെ ആകാശ് തില്ലങ്കേരി എകെജി സെൻ്റർ ജീവനക്കാരാനായിരുന്നു എന്നും ആരോപിച്ചു. ക്വട്ടേഷൻ സംഘങ്ങൾക്കെതിരാണെന്ന് സിപിഎം പറയുന്നത് കണ്ണിൽ പൊടിയിടാനാണ്. അവരുമായി ഇഴുകി ചേർന്ന ബന്ധമാണ് സിപിഎമ്മിനുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
കുഴൽപ്പണ കേസ് എന്നൊരു കേസ് ഇല്ലെന്നും തെളിഞ്ഞാൽ തന്നെ തൂക്കിക്കൊല്ലുകയോ ജയിലിൽ ഇടുകയോ ചെയ്യട്ടെയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.