തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തില്‍ നേതൃ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായ സാഹചര്യത്തില്‍ അനുനയ നീക്കം തുടരുന്നു. കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതോടെയാണ് കൃഷ്ണദാസ് പക്ഷം പരസ്യമായ വിയോജിപ്പുമായി രംഗത്ത് എത്തിയത്. തർക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായി പുതുതായി രൂപീകരിച്ച ബിജെപി കോര്‍ കമ്മിറ്റിയില്‍ കൃഷ്ണദാസ് പക്ഷത്തെ എ.എന്‍.രാധാകൃഷ്ണനെ ഉള്‍പ്പെടുത്തി. ഇതോടെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരായ എം.ടി.രമേശും എ.എന്‍.രാധാകൃഷ്ണനും കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. ഇതാദ്യമായാണ് സംസ്ഥാന വൈസ് പ്രസിഡന്‍റുമാരില്‍ ഒരാളെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത്.
നേരത്തെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന എഎൻ രാധാകൃഷ്ണനെ 10 വൈസ് പ്രസിഡന്‍റുമാരില്‍ ഒരാളായി നിയമിച്ചതില്‍ വലിയ പ്രതിഷേധമാണ് കൃഷ്ണദാസ് പക്ഷം ഉയർത്തിയത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് രാധാകൃഷ്ണനെ ഉള്‍പ്പെടുത്തിയത്. ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭാ സുരേന്ദ്രനെ വൈസ് പ്രസിഡന്‍റാക്കിയതിലുള്ള അതൃപ്തിയും കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, ശോഭാ സുരേന്ദ്രനെ കേന്ദ്ര നേതൃത്വത്തിലേക്ക് പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.