തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മറുചോദ്യം ചോദിക്കാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് വേണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. അമിത് ഷാക്കെതിരായ വ്യാജ ഏറ്റുമുട്ടൽ കേസ് തേഞ്ഞു തുരുമ്പിച്ച ആരോപണമാണ്. ആരോപണം ഉന്നയിക്കുന്ന പിണറായി വിജയൻ വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിലെ നേരിട്ടുള്ള പ്രതിയാണ്.
ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ അമിത് ഷാ നെഞ്ചുവേദന അഭിനയിച്ചിട്ടില്ല. അദ്ദേഹം നേരിട്ട് ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയില്ല. ഒരു ഏജൻസിയും അദ്ദേഹത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടില്ല. വിചാരണ നടത്തിയിട്ടില്ല. കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. അത് രാഷ്ട്രീയ പ്രേരിതമായി സിബിഐ എടുത്ത കേസായിരുന്നു. ഇപ്പോൾ കോൺഗ്രസ് പോലും ആ ആരോപണം ഉന്നയിക്കുന്നില്ല. അമിത് ഷാക്കെതിരെ മുഖ്യമന്ത്രി വർഗീയത ആരോപിക്കുന്നുണ്ട്. അമിത് ഷാ മകളെ മുസ്ലിമിന് വിവാഹം കഴിച്ചു നൽകണമോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
അമിത് ഷാ വർഗീയവാദിയാണെന്ന് പറയുന്ന പിണറായി വിജയൻ്റെ പാർട്ടിയിൽ പൊന്നാനിയിൽ പോലും ഹിന്ദുവിന് മത്സരിക്കാൻ കഴിയില്ല. സിപിഎം മലപ്പുറത്ത് എസ്‌ഡിപിഐ ആയി പരിണമിച്ചു. പിണറായി വിജയനെ വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത പലരും ദുരൂഹസാഹചര്യത്തിൽ മരിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.