തിരുവനന്തപുരം: കെ. സുരേന്ദ്രൻ ബിജെപി അധ്യക്ഷനായതിന് ശേഷം രൂപീകരിച്ച കോർ കമ്മിറ്റിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കൃഷ്‌ണദാസ് പക്ഷത്തെ അനുനയിപ്പിക്കുന്നതിന് വൈസ് പ്രസിഡന്‍റായിരുന്ന എ.എൻ രാധാകൃഷ്ണനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇത് ആദ്യമായാണ് ഒരു വൈസ് പ്രസിഡന്‍റിനെ ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത്.
യോഗത്തിൽ എ.എൻ രാധാകൃഷ്‌ണനും പങ്കെടുക്കുന്നുണ്ട്. അതിനിടെ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് പങ്കെടുക്കുന്ന സാഹചര്യം നിശ്ചയിച്ചവരോട് ചോദിക്കണമെന്ന് രാധാകൃഷ്‌ണൻ പ്രതികരിച്ചു. കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. കുമ്മനം രാജശേഖരൻ, പി.കെ കൃഷ്‌ണദാസ്, സി.കെ പത്മനാഭൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.