തിരുവനന്തപുരം: മൃഗശാലയിൽ ഇന്നലെ കാട്ടുപോത്ത് ചത്തത് പ്രായാധിക്യം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ജഡം മറ്റ് പരിശോധനകൾക്കായി പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് (SIAD)ൽ അയയ്ക്കുമെന്ന് മ്യൂസിയം ഡയറക്‌ടർ എസ് അബു പറഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കാട്ടുപോത്ത് ചത്തത്.
ഇതോടെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ തിരുവനന്തപുരം മൃഗശാലയിൽ ചത്ത മൃഗങ്ങളുടെ എണ്ണം 128 ആയി. സമീപകാലത്താണ് മൃഗശാലയിൽ മാനുകളും കൃഷ്‌ണമൃഗങ്ങളും ക്ഷയരോഗം ബാധിച്ച് ചത്തത്. കർണാടകയിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്ന് പുതുതായി പക്ഷികളെയും മൃഗങ്ങളെയും തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിക്കാനിരിക്കെയാണ് സംഭവം.
അതിഥികൾ വരുന്നുണ്ട്: ഓരോ ജോഡി സിംഹങ്ങൾ, ഹനുമാൻ കുരങ്ങുകൾ, വെള്ള മയിൽ, എമു, രണ്ട് ജോഡി കാട്ടുകോഴി എന്നിവ അടങ്ങുന്ന പുതിയ അതിഥികൾ ഈ മാസം തന്നെ തലസ്ഥാനത്തെത്തും. മൃഗങ്ങളെ എത്തിക്കുന്നതിനും തുടർ നടപടികൾക്കുമായി മൃഗശാല ഡോക്‌ടർ അലക്‌സാണ്ടർ ജേക്കബ് അടങ്ങുന്ന സംഘം ശ്രീ വെങ്കിടേശ്വര മൃഗശാലയിലേക്ക് തിരിച്ചു. മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ചാണ് പുതിയ അതിഥികളെ എത്തിക്കുന്നത്.
പകരമായി നാല് കഴുതപ്പുലികൾ, ഒരു ജോഡി ഹിപ്പോപൊട്ടാമസ്, മൂന്ന് ജോഡി പന്നി മാനുകൾ, രണ്ട് ജോഡി സാം ബിയറുകൾ എന്നിവയെ ശ്രീ വെങ്കിടേശ്വര മൃഗശാലയ്ക്ക് നൽകും. ജൂണിൽ ഹരിയാന മൃഗശാലയിൽ നിന്ന് രണ്ട് ജോഡി ഹനുമാൻ കുരങ്ങുകളെയും എത്തിക്കും. വിദേശ രാജ്യങ്ങളിൽ നിന്നടക്കം സീബ്ര ഉൾപ്പെടെയുള്ള മൃഗങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് മൃഗശാല അധികൃതർ.
ഇതിനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഇതിനായി മുൻ ഡയറക്‌ടർമാർ അടക്കമുള്ള മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് പ്രകാരം വിദേശ മൃഗശാലകൾ സന്ദർശിക്കേണ്ടതുണ്ട്. കൂടുതല്‍ മൃഗങ്ങൾ എത്തുന്നതോടെ മൃഗശാലയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.