തിരുവനന്തപുരം: പത്ത് ദിവസത്തിലധികം നീണ്ടുനിന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിവാദത്തീ അണയ്ക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ച വിദഗ്‌ധ സമിതി പ്രഖ്യാപനത്തിലൊതുങ്ങി. പത്ത് ദിവസത്തിലധികം തുടര്‍ച്ചയായി മാലിന്യം കത്തിപടര്‍ന്നത് മൂലം പ്രദേശവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അവ പരിശോധിക്കുന്നില്ലെന്ന പ്രതിപപക്ഷത്തിന്‍റെ രൂക്ഷമായ വിമര്‍ശനത്തിനൊടുവിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ.കെ.ജെ റീന കണ്‍വീനറായി സമിതി രൂപീകരിച്ചത്.
ഏപ്രില്‍ 4ന് സമിതി രൂപീകരിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നെങ്കിലും സമിതിയുടെ ആദ്യ യോഗം ചേരുകയോ സമിതിയുടെ പരിഗണന വിഷയങ്ങള്‍ (ടേംസ് ഓഫ് റഫറന്‍സ്) നിശ്ചയിക്കുകയോ ചെയ്‌തിട്ടില്ല. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിച്ച് സമഗ്രമായ റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത്. എന്നാല്‍ മാസം ഒന്ന് പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും സമിതിയുടെ ആദ്യ യോഗം പോലും ഇതുവരെ ചേര്‍ന്നിട്ടില്ല.
തീപിടിത്തം മൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍, അതില്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നവ, ഭാവിയില്‍ ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, അവ സൃഷ്‌ടിക്കുന്ന ഘടകങ്ങള്‍ വെള്ളത്തിലോ മണ്ണിലോ മനുഷ്യ ശരീരത്തിലോ ഭക്ഷ്യ ശൃംഖലയിലോ ഉണ്ടോയെന്നും ഉണ്ടാകാനിടയുണ്ടോയെന്നും സമിതി പരിശോധിക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പ്രഖ്യപിച്ചത്. പ്രത്യേക ടേംസ് ഓഫ് റഫറന്‍സ് പ്രകാരമാകും പ്രശ്‌നങ്ങള്‍ പഠിക്കുകയെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവയൊന്നും ഇതുവരെ നടപ്പിലായിട്ടില്ല.
ആരോഗ്യ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.സിപി വിജയന്‍, ഡല്‍ഹി ആസ്ഥാനമായ കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍) എന്‍ഐഐഎസ്‌ടി സീനിയര്‍ സയന്‍റിസ്റ്റ് ഡോ. പ്രതീഷ്, മഞ്ചേരി മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. അനീഷ് ടിഎസ്, തൃശൂര്‍ മെഡിക്കല്‍ കോളജ് പള്‍മണറി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. സഞ്ജീവ് നായര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്‍ഡോക്രൈനോളജി വിഭാഗം പ്രൊഫസര്‍ ഡോ. പി.കെ. ജബ്ബാര്‍, കൊച്ചി അമൃത ഹോസ്‌പിറ്റല്‍ പീഡിയാട്രിക് വിഭാഗം പ്രൊഫസറായിരുന്ന ഡോ. സി ജയകുമാര്‍, ചെന്നൈ സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റീജിയണല്‍ ഡയറക്‌ടര്‍ര്‍ ഡോ. എച്ച്.ഡി വരലക്ഷ്‌മി, എസ്എച്ച്എസ്ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഡോ. ജിതേഷ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ഇവരില്‍ പലര്‍ക്കും സമിതിയില്‍ അംഗമാക്കിയെന്നതില്‍ കവിഞ്ഞ് മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടുമില്ല. സമിതിയോഗം എന്ന് ചേരുമെന്ന് അറിയില്ലെന്ന് ഒരു സമിതിയംഗം ഇടിവി ഭാരതിനോട് പറഞ്ഞു. മാര്‍ച്ച് 2നാണ് ബ്രഹ്മപുരത്തെ 110 ഏക്കറോളം വരുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപടര്‍ന്നത്. 13 ദിവസങ്ങള്‍ക്ക് ശേഷമാണ് തീയണയ്ക്കാന്‍ അഗ്നിരക്ഷ സേനയ്ക്ക് കഴിഞ്ഞത്.
തീപിടിത്തമുണ്ടായ ദിവസങ്ങളില്‍ കനത്ത വിഷ പുക കൊച്ചിയില്‍ വിഴുങ്ങിയിരുന്നു. ബ്രഹ്മപുരത്ത് നിന്നും കിലോമീറ്ററോളം ദൂരം വിഷപ്പുക പടര്‍ന്നിരുന്നു. ഇതോടെ പലര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. ശ്വാസ തടസം അടക്കമുള്ള പ്രശ്‌നങ്ങളുമായി നിരവധിപേര്‍ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്‌തു.
കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകാവുന്ന ഘടകങ്ങളടങ്ങിയതാണ് കൊച്ചി നഗരത്തിലടക്കം പടര്‍ന്ന വിഷപ്പുകയെന്ന് നിരവധി വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടിരുന്നു. അഞ്ച് വര്‍ഷത്തോളം പഴക്കമുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്. അതിനാല്‍ ഡയോക്‌സിന്‍ ഉള്‍പ്പെടെയുള്ള വിഷ പദാര്‍ഥങ്ങളുടെ സാമിപ്യം ഭാവിയില്‍ ദുരന്തമാകുമെന്നായിരുന്നു ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്.
ഇത് കൂടാതെ ദിവസങ്ങളെടുത്ത് വെള്ളം നനച്ചുള്ള തീയണയ്ക്കലിനെ തുടര്‍ന്ന മാലിന്യ പ്ലാന്‍റിന് സമീപമുളള കടമ്പ്രയാറിലാണ് മാലിന ജലം ഒഴുകിയെത്തി. ഇത് ഭാവിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കാമെന്ന സംശയവും ആരോഗ്യ വിദഗ്‌ധര്‍ പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വിദഗ്‌ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് വിദഗ്‌ധ സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് ഇപ്പോഴും പ്രഖ്യാപനം മാത്രമായിരിക്കുകയാണ്.
മാലിന്യ പ്ലാന്‍റിന്‍റെ നടത്തിപ്പ് കാര്യങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാറിനും സിപിഎമ്മിനുമെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടെയിലാണ് കൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും ആയിര കണക്കിന് ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ചുള്ള കാര്യത്തിലെ ഈ മെല്ലെ പോക്ക്.