തിരുവനന്തപുരം: ഗുജറാത്ത് കലാപം പ്രമേയാക്കി ബിബിസി തയാറാക്കിയ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ യുവജന സംഘടനകളായ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും. 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യമെന്‍ററി സംസ്ഥാന വ്യാപകമായി വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് ഇരു സംഘടനകളുടെയും തീരുമാനം. ഫേസ്‌ബുക്കിലൂടെയാണ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന വിവരം ഡിവൈഎഫ്‌ഐ അറിയിച്ചത്.
ഇന്ന് (24.01.23) വൈകുന്നേരം ആറു മണിക്ക് തുരുവനന്തപുരം പൂജപ്പുര മൈതാനത്താണ് ആദ്യപ്രദര്‍ശനം നടത്താന്‍ ഇടത് യുവജന സംഘടന തീരുമാനിച്ചിരിക്കുന്നത്. നിരോധന കാലത്ത് നിശബ്‌ദമാകില്ലെന്ന ടാഗ് ലൈനിലാണ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുക. ഇതിന്‍റെ ഭാഗമായി വിവിധ സോഷ്യല്‍ മീഡിയ പേജുകളിലായി വ്യാപക പ്രചരണവും ആരംഭിച്ചിട്ടുണ്ട്.
ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൂജപ്പുരയിലെ പ്രദര്‍ശനം നടക്കുക. കൂടാതെ ഇടത് വിദ്യാര്‍ഥി സംഘടനയായ എസ്‌എഫ്‌ഐയുടെ ആഭിമുഖ്യത്തില്‍ വിവിധ കലാലയങ്ങളിലും ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാനാണ് സാധ്യത.
ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ബിബിസി ഡോക്യുമെന്‍ററി സംസ്ഥാനത്ത് പ്രദര്‍ശനം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. 'ചരിത്ര യാഥാര്‍ത്ഥ്യങ്ങൾ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല. ബിബിസി ഡോക്യുമെന്‍ററി കേരളത്തിൽ പ്രദർശിപ്പിക്കും.' യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ പറമ്പില്‍ പറഞ്ഞു.
ബിബിസിയുടെ ഇന്ത്യ- ദി മോഡി ക്വസ്റ്റിന്‍ ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കാൻ തയ്യാറെടുത്ത് കോണ്‍ഗ്രസും. റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ല ആസ്ഥാനങ്ങളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്ററിയ്ക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് KPCC മൈനോറിറ്റി ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.