തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ സിബിഐയുടെ നുണ പരിശോധന ഇന്ന് മുതൽ. മാനേജറായിരുന്ന പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ എന്നിവരുടെ നുണ പരിശോധന ഇന്ന് നടക്കും. സാക്ഷിയായ സോബി കലാഭവൻ, വിഷ്ണു സോമസുന്ദരം എന്നിവരെ ശനിയാഴ്ചയും പരിശോധനയ്ക്ക് വിധേയരാക്കും. കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ വച്ചാണ് പരിശോധന നടക്കുക.
ഡൽഹി ,ചെന്നൈ എന്നീ കേന്ദ്രങ്ങളിലെ ഫോറൻസിക് വിദഗ്ധർ പരിശോധനയ്ക്ക് നേതൃത്വം നൽകും. ഏറെ ദുരൂഹതകൾ ഉള്ള കേസിൽ നുണ പരിശോധനയിലൂടെ കൂടുതൽ വ്യക്തത വരുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിബിഐ.
അതേ സമയം ബാലഭാസ്കറിന്‍റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നിട്ട് ഇന്ന് രണ്ടു വർഷം തികയുകയാണ്. 2018 സെപ്റ്റംബർ 25ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത്‌വെച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റിയ കാർ സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്കറിന്‍റെ മകൾ രണ്ടു വയസുകാരി തേജസ്വിനി തൽക്ഷണം മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ പ്രതീക്ഷകൾ വിഫലമാക്കി ചികിത്സയിലിരിക്കെ ഒക്ടോബർ രണ്ടിന് മരണത്തിന് കീഴടങ്ങി. ഭാര്യ ലക്ഷ്മി മാത്രമാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റു. ബാലഭാസ്കറിന്‍റെ മരണത്തിന് പിന്നാലെ അപകടത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ അടക്കമുള്ളവർ രംഗത്തെത്തി. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് അച്ഛൻ ഉണ്ണി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ സിബിഐക്ക് വിട്ടു.