തിരുവനന്തപുരം: ലോട്ടറി കച്ചവടക്കാരനായിരുന്ന അയിരൂർ പാണിൽ കോളനി ഒലിപ്പുവിള വീട്ടിൽ ബാബുവിനെ (58) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 'മനഃപൂർവമല്ലാത്ത നരഹത്യക്ക്' അഞ്ച് വർഷം കഠിന തടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ച് കോടതി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ മൊട്ടക്കാട് കോളനിയിൽ ബിജോയിനെയാണ് (25) തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ ഒടുക്കിയാൽ തുക മരണപ്പെട്ട ബാബുവിൻ്റെ ആശ്രിതർക്ക് നൽകാനും കോടതി ഉത്തരവിട്ടു.
കേസിലെ രണ്ടും മൂന്നും പ്രതികളായ ഇലകമൺ പാണിൽ ലക്ഷംവീട് കോളനിയിലെ താമസക്കാരായ സൈജു (32), സജീവ് (22) എന്നിവരെ മതിയായ തെളിവില്ലാത്തത് കാരണം കോടതി വെറുതെവിട്ടു. ആറാം അഡിഷണൽ സെഷൻസ് ജഡ്‌ജി കെ.വിഷ്‌ണുവാണ് കേസ് പരിഗണിച്ചത്.
2015 ജനുവരി 23നായിരുന്നു കേസിനാസ്‌പദമായ സംഭവം. രണ്ടാം പ്രതി സൈജു പാണിൽ കോളനിയിലെ പൊതുടാപ്പിന് സമീപം ഉടുതുണിയില്ലാതെ കുളിച്ചത് വിലക്കിയതാണ് വിരോധത്തിന് കാരണം. സംഭവദിവസം രാത്രി പ്രതികൾ പൊതുടാപ്പ് പരിസരത്ത് വന്നു. സൈജു ഉടുതുണിയില്ലാതെ കുളിക്കുന്നത് കേസിലെ പ്രധാന സാക്ഷിയായ മോഹനനും കൊല്ലപ്പെട്ട ബാബുവും ചോദ്യം ചെയ്‌തു.
കോളനി നിവാസികളും പ്രതികളും തമ്മിലുള്ള വാക്കേറ്റത്തിനിടെ ചെണ്ട മുറുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് ഒന്നാം പ്രതി ബിജോയ് സാക്ഷി മോഹനന്‍റെ തലയ്ക്ക് അടിയ്ക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോൾ ബാബുവിന്‍റെ തലയിൽ അടികൊള്ളുകയായിരുന്നു. സ്ഥലത്ത് കുഴഞ്ഞുവീണ ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. ബാബുവിന്‍റെ മകൾ മിനിമോൾ, മോഹനൻ എന്നിവരായിരുന്നു കേസിലെ ദൃക്‌സാക്ഷികൾ.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, അഡ്വ. ദീപ വിശ്വനാഥ്, അഡ്വ. വിനു മുരളി, അഡ്വ. മോഹിത മോഹൻ, അഡ്വ. തുഷാര രാജേഷ് എന്നിവർ ഹാജരായി. 16 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. 17 രേഖകളും, തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വർക്കല പൊലീസ് സർക്കിൾ ഇൻസ്‌പെക്‌ടറായിരുന്ന ബി.വിനോദാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.
പ്രതികൾ ചെയ്‌ത കുറ്റത്തിൻ്റെ കാഠിന്യം അനുസരിച്ചുള്ളതല്ല ശിക്ഷാവിധിയെന്നും ഉചിതമായ ശിക്ഷ കുറ്റവാളികൾക്ക് നൽകിയില്ലെങ്കിൽ കോടതി തൻ്റെ കർത്തവ്യം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വേണം കരുതാനെന്നും ശിക്ഷയിന്മേലുള്ള വാദത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ പറഞ്ഞു. കൊലപാതകത്തിന് പകരം കുറ്റകരമായ നരഹത്യ ആണെന്ന് കണ്ടെത്തിയ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.