തിരുവനന്തപുരം: മംഗലപുരത്ത് ഓട്ടോ ഡ്രൈവറെ വെട്ടിപരിക്കേൽപ്പിച്ചു. മംഗലപുരം തോപ്പിൽ വീട്ടിൽ അനസ് (28)നെയാണ് മൂന്നംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചത്. ശനിയാഴ്ച വൈകിട്ട് 7.30നാണ് സംഭവം. മംഗലപുരം സ്റ്റാൻഡിൽ നിന്നും ഒരാൾ അനസിന്‍റെ ഓട്ടോയിൽ കയറി. മറ്റ് രണ്ട് പേർ ബൈക്കിൽ ഓട്ടോയെ പിൻതുടർന്നു. മരുക്കുംപുഴ പുത്തൻകാവിൽ ക്ഷേത്രത്തിന് സമീപത്ത് വച്ച് ബൈക്ക് ഓട്ടോയ്ക്ക് കുറുകെ വയ്ക്കുകയും മൂന്ന് പേർ ചേർന്ന് അനസിനെ വെട്ടിപരിക്കേൽപിക്കുകയുമായിരുന്നു. വെട്ടേറ്റ അനസ് ഓടി അതു വഴി വന്ന മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു.
കയ്യിലും നെഞ്ചിലും പുറകിലും വെട്ടേറ്റ അനസ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ആക്രമിച്ചവരെ അറിയില്ലെന്ന് അനസ് പൊലീസിനോട് പറഞ്ഞു. പരിക്ക് ഗുരുതരമല്ല. ജംഗ്ഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നതായി പൊലീസ് പറഞ്ഞു.