ലോക്സഭാ മണ്ഡലം കൺവെൻഷനോടെ ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്‍റെതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമായി. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പ് അന്തരീക്ഷം യുഡിഎഫിന് അനുകൂലമാണെന്നും അതു വോട്ടാക്കാൻ സാധിച്ചാൽ വിജയം ഉറപ്പാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
രണ്ടുദിവസമായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും ലഭിക്കുന്ന സ്വീകരണം ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്ന് അടൂർ പ്രകാശ് പറഞ്ഞു.ഔദ്യോഗിക തുടക്കമായില്ലെങ്കിലും പ്രഖ്യാപനം വന്നതുമുതൽ വോട്ടർമാരെ നേരിട്ട് കാണുന്നത് ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളുമായി അടൂർ പ്രകാശ് മണ്ഡലത്തിൽ സജീവമാണ്. ലോക്സഭാ മണ്ഡലം കൺവെൻഷനുകളോടെ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കും. വരും ദിവസങ്ങളിൽ നിയമസഭാ നിയോജക മണ്ഡല കൺവെൻഷനുകൾ മുതൽ ബൂത്ത് കൺവെൻഷനുകൾ വരെയുള്ളവ പൂർത്തിയാക്കി മണ്ഡല പര്യടനം ഉൾപ്പെടെയുള്ള പരിപാടികളിലേക്ക് കടക്കാനാണ് യുഡിഎഫ് പദ്ധതി.