തിരുവനന്തപുരം: വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമിച്ച കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത് ദുർബലമായ വകുപ്പുകളെന്ന് ആക്ഷേപം. ചൊവ്വാഴ്‌ച രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. ടാക്‌സി ഡ്രൈവറായ അടിമലത്തുറ സ്വദേശി സിൽവയ്യൻ ആന്‍റണിയും സുഹൃത്തുക്കളും ചേർന്ന് 25കാരിയായ ബ്രിട്ടീഷ് വനിതയോട് ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിച്ചെന്നും അനുമതിയില്ലാതെ പിന്തുടര്‍ന്നുമെന്നാണ് കേസ്.
കേസിലെ ഒന്നാം പ്രതിയായ സിൽവയ്യനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു. കൂട്ടുപ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്‌തിട്ടുമില്ല. ഇവർ ഒളിവിലാണ്. പ്രതികൾക്കെതിരെ ചുമത്തിയത് ദുർബലമായ വകുപ്പുകളാണെന്നും വിമർശനമുണ്ട്.
പിതാവിനെ വിമാനത്താവളത്തിൽ എത്തിക്കുന്നതിനായാണ് യുവതി സിൽവയ്യന്‍റെ ടാക്‌സി വിളിച്ചത്. തുടർന്ന് നമ്പർ കൈക്കലാക്കിയ ഇയാൾ ലൈംഗികച്ചുവയോടെ സന്ദേശങ്ങൾ അയക്കുകയായിരുന്നു. ഒരുമിച്ച് മദ്യപിക്കുന്നതിനും പ്രതികൾ യുവതിയെ ക്ഷണിച്ചു. എന്നാല്‍ യുവതി ക്ഷണം നിരസിക്കുകയാണുണ്ടായത്. തുടര്‍ന്ന് യുവതി ആയുര്‍വേദ റിസോര്‍ട്ടിൽ നിന്ന് കടപ്പുറത്തേക്ക് പോയ സമയം സിൽവയ്യനും സുഹൃത്തുക്കളും ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്നു.
ചൊവ്വാഴ്‌ച രാത്രി തന്നെ പരാതി നൽകിയെങ്കിലും വ്യാഴാഴ്‌ചയാണ് പൊലീസ് കേസെടുക്കാൻ തയാറായതെന്നും ആക്ഷേപമുണ്ട്. അടിമലത്തുറയിൽ വച്ചാണ് സിൽവ്വയ്യനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഉടൻ തന്നെ ഇയാളെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. യുവതിയുമായുള്ള വാക്കുതര്‍ക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് തടയാൻ ശ്രമിച്ച ഹോട്ടൽ ഉടമ ഷെഫിനെ മര്‍ദിച്ചതിനും പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം സംഭവം ഏറെ മാനസിക പ്രയാസമുണ്ടാക്കിയെന്ന് യുവതി പ്രതികരിച്ചു. കേസിൽ സിൽവയ്യന്‍റെ സുഹൃത്തുക്കളായ ജോൺസൺ ഉൾപ്പടെ നാല് പേരെയാണ് ഇനി പിടികൂടാനുള്ളത്.