തിരുവനന്തപുരം: അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചെങ്കിലും ഇതവഗണിച്ച് സ്പീക്കര്‍ മറ്റു നടപടികളുമായി മുന്നോട്ടു പോയി. സ്പീക്കറുടെ നടപടിക്കെതിരെ വാക്കൗട്ട് നടത്തി പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. വിവാദ മാര്‍ക്ക് ദാന വിഷയത്തിലാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീല്‍ ഇടപ്പെട്ട് സര്‍വകലാശാലകളില്‍ നടത്തിയ മാര്‍ക്ക് ദാനം സഭ നിര്‍ത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം.ജോണ്‍ ആണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ വിഷയം പല തവണ ചര്‍ച്ച ചെയ്‌തത്തില്‍ അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നോട്ടീസ് തള്ളി. വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.
മാര്‍ക്ക് ദാനം നടത്തിയതിനെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ റിപ്പോര്‍ട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അങ്ങനെയൊരു റിപ്പോര്‍ട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ മറുപടി നല്‍കി. എന്നാല്‍ അത് സ്പീക്കറല്ല മന്ത്രിയാണ് പറയേണ്ടതെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. പ്രകോപിതരായ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെ സ്പീക്കര്‍ ശ്രദ്ധ ക്ഷണിക്കലിലേക്കു കടന്നതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി. സ്പീക്കര്‍ പരിധി ലംഘിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.