തിരുവനന്തപുരം: യുക്രൈനിലെ യുദ്ധഭൂമിയിൽ 20 കിലോമീറ്ററോളം തൻ്റെ വളർത്തുനായ സൈറയുമായി നടന്ന് റൊമേനിയയിലെത്തിയ ആര്യയെന്ന മലയാളി വിദ്യാർഥിനിയുടെ നിശ്ചയദാർഢ്യം മാധ്യമങ്ങളിൽ വലിയ വാര്‍ത്തയായിരുന്നു. മറ്റെല്ലാ കുരുക്കുകളും കടന്ന് ഡല്‍ഹിയില്‍ സുരക്ഷിതമായി എത്തിയ ആര്യയെയും വളർത്തുനായ സെെറയെയും വിമാനത്തിൽ കയറ്റാനാകില്ലെന്ന് എയർ ഏഷ്യ അധികൃതർ അറിയിയ്‌ക്കുകയുണ്ടായി. ഇതോടെയാണ് അനിശ്ചിതത്വത്തിന് തുടക്കമായത്.
ALSO READ: പുനഃസംഘടനയിലെ പ്രതിസന്ധി: കെ സുധാകരനും വി.ഡി സതീശനും കൂടിക്കാഴ്‌ച നടത്തും
വളർത്തുമൃഗങ്ങളുമായി എത്തുന്നവർ സ്വന്തം നിലയ്ക്ക് പോകണമെന്ന് അറിയിച്ചതോടെ മറ്റ് വഴികൾ തേടുകയാണെന്ന് ആര്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബിസിനസ് ക്ലാസിൽ വരാനും പ്രത്യേകം പണമടയയ്ക്കാനും ആര്യ തയ്യാറായിരുന്നു. വ്യാഴാഴ്‌ച ഏറെ വൈകിയതോടെ കേരള ഹൗസിൽ തങ്ങാൻ തീരുമാനിച്ചു. വിഷയം മന്ത്രി വി. ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ കാര്യങ്ങൾ വേഗതയോടെ നീങ്ങി.
നോർക്ക സി.ഇ.ഒയുമായി ബന്ധപ്പെട്ട മന്ത്രി ഇന്ന് തന്നെ ആര്യയെയും സെെറയെയും എത്തിക്കാനുള്ള നടപടികൾ പൂർത്തികരിക്കാൻ ആവശ്യപ്പെടുകയുണ്ടായി. അനിശ്ചിതത്വത്തിന് ഒടുവിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ ആര്യയും വളർത്തുനായ സെെറയും നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അവിടെ നിന്ന് സ്വദേശമായ ഇടുക്കി വണ്ടിപ്പെരിയാറിലേക്ക് പോവും.
യുക്രൈനില്‍ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് ആര്യ. യുദ്ധഭുമിയിലെ വെടിയൊച്ചകൾക്കിടയിൽ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കാതെ സാഹസികമായി തിരികെയെത്തുന്നവർ വേറെയുമുണ്ട്. ചെങ്ങന്നൂർ സ്വദേശി അഞ്ജുവിന്‍റെ പേർഷ്യൻ പൂച്ച ലോക്കി, കൊച്ചിയിലെ ദമ്പതികളുടെ പൂച്ചകളായ സ്മോക്കി, ചിൽറ്റ എന്നീ വളർത്തുമൃഗങ്ങൾ വാർത്തയിലെ താരങ്ങളായിരുന്നു.