തിരുവനന്തപുരം: ഇരുപത്തഞ്ചുകാരിയെ പീഡിപ്പിച്ച പൂജാരിയും സഹായിയും അറസ്റ്റിലായി. യുവതിക്ക് ജോലി ലഭിക്കാത്തത് ദോഷം മൂലമാണെന്നും ഇവ തീർക്കാൻ പൂജ നടത്തണമെന്നും പറഞ്ഞ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ വീട്ടിലെത്തി പൂജാരിയും സഹായിയും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ എലുമ്പൻ എന്ന് വിളിക്കുന്ന സുരേന്ദ്രൻ (52), അയിരൂപ്പാറ അരുവിക്കരകോണം സ്വദേശിയും പൂജാരിയുമായ ഷാജി ലാൽ (56) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയായ സുരേന്ദ്രൻ വർഷങ്ങളായി യുവതിയുടെ വീട്ടിലെ ഡ്രൈവറാണ്. ഇയാൾ പറഞ്ഞതനുസരിച്ചാണ് പൂജയ്ക്കായി വീട്ടുകാർ തയ്യാറായത്.
പൂജയ്ക്കായി മുറിയടച്ചിട്ടാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഡിസംബർ ഏഴാം തീയതിയാണ് പീഡനം നടന്നത്. ഇതിനു ശേഷം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതി ബന്ധുവിനോട് പീഡന വിവരം പറയുകയായിരുന്നു. തുടർന്ന് യുവതിയുടെ പിതാവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകി. ശ്രീകാര്യം സർക്കിൾ ഇൻസ്പെക്‌ടർ അഭിലാഷ് ഡേവിഡിന്‍റേയും എസ്ഐ വിപിൻ പ്രകാശിന്‍റേയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ തിരുവനന്തപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.