തിരുവനന്തപുരം: കുഞ്ഞിനെ തിരികെ ലഭിക്കാൻ അനുപമ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. പൊലീസ്, ശിശുക്ഷേമ സമിതി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി എന്നിവിടങ്ങളില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അനുപമ ഏകദിന സത്യഗ്രഹം നടത്തിയത്.
രാവിലെ 10 മണി മുതല്‍ 5 മണി വരെയായിരുന്നു സത്യഗ്രഹം. ആശ്വാസം നല്‍കുന്ന സര്‍ക്കാര്‍ ഇടപെടലിന്‍റെ ഉറപ്പുമായാണ് സമരം അവസാനിപ്പിച്ച് അനുപമ മടങ്ങുന്നത്. രാവിലെ സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അനുപമയെ വിളിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഉച്ചയോടെ ഇക്കാര്യത്തിലെ സര്‍ക്കാര്‍ തീരുമാനം വന്നു.
തന്‍റെ കുഞ്ഞാണെന്ന് അനുപമ അവകാശപ്പെടുന്ന കുഞ്ഞിന്‍റെ ദത്ത് നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് കോടതിയോട് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൂടാതെ കുഞ്ഞിനെ ഏറ്റെടുത്തതില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അനുപമ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ സര്‍ക്കാര്‍ അംഗീകരിച്ചതുകൊണ്ട് തന്നെ തുടര്‍സമരങ്ങളൊന്നും തീരുമാനിക്കാതെയാണ് അനുപമ സെക്രട്ടേറിയറ്റ് നടയില്‍ നിന്നും മടങ്ങുന്നത്.
Also Read: ദത്തുനടപടികള്‍ നിര്‍ത്തി വയ്ക്കാൻ കോടതിയില്‍ ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍