തിരുവനന്തപുരം : സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിച്ച് വിജ്ഞാപനമിറക്കാൻ നിർദേശം നൽകിയതായി ഗതാഗതമന്ത്രി ആന്‍റണി രാജു (transport minister antony raju). കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. കൊവിഡ് കാലത്ത് പരിമിതമായി മാത്രമാണ് സർവീസ് നടത്താൻ സാധിച്ചതെന്നും ഇതേ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടുന്നതെന്നും ഗതാഗത മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി (Antony Raju On Private Buses).
കൊവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിട്ടില്ലാത്തതിനാൽ വാഹനങ്ങളുടെ കാലാവധി രണ്ടുവർഷം വർധിപ്പിച്ച് നൽകണമെന്ന് സ്വകാര്യ ബസ് മേഖലയിലെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് തീരുമാനം. അതേസമയം കെഎസ്ആർടിസി ജീവനക്കാരുടെ സേവനങ്ങൾക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് യാത്രക്കാരൻ ഗതാഗത മന്ത്രിക്ക് കത്തയച്ചു.
കേരള സീനിയർ സിറ്റിസൺസ് ഓർഗനൈസേഷൻ (kerala senior citizen organization) സെക്രട്ടറി റഷീദ് അബൂബക്കർ ആണ് മന്ത്രിയ്ക്ക് അഭിനന്ദന കത്ത് അയച്ചത്. കെഎസ്ആർടിസി പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ എ ഡി ഹരികുമാർ, കണ്ടക്ടർ പി ബി രതീഷ് എന്നിവരുടെ ആത്മാർഥവും, വിശ്വസ്‌തതയുമാര്‍ന്ന സേവനത്തിനായിരുന്നു യാത്രക്കാരന്‍റെ അഭിനന്ദനം.
കത്തിന്‍റെ ഉള്ളടക്കം ഇങ്ങനെ : കോഴിക്കോട് നിന്നും 3.41 പുറപ്പെട്ട് 9: 20ന് പറവൂരിൽ എത്തി. യാത്രാരംഭം മുതൽ തന്നെ ഞാൻ ഡ്രൈവറുടെയും കണ്ടക്‌ടറുടെയും ഡ്യൂട്ടി ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആസ്വാദനദായകമായിരുന്നു ആ യാത്ര. വളരെ ദുർഘടം പിടിച്ച റോഡും ഹൈവേ റോഡ് പണിയും അതിജീവിച്ച് വളരെ സമർഥമായി ഡ്രൈവ് ചെയ്യുന്ന ഡ്രൈവറിന്‍റെയും യാത്രക്കാരോട് വളരെ സൗമ്യമായി പെരുമാറിയ കണ്ടക്‌ടറിന്‍റെയും ഡ്യൂട്ടി എന്നെ വല്ലാതെ ആകർഷിച്ചു.
കേരളം ഭൂമിയിൽ നിലനിൽക്കുന്ന കാലം വരെ നമ്മുടെ കെഎസ്ആർടിസിയും ഉണ്ടാകണം. എന്തെല്ലാം പോരായ്‌മകൾ ഉണ്ടെങ്കിലും കേരള ജനതയുടെ ജീവിതത്തിന്‍റെ അവിഭാജ്യഘടകമാണ് കെഎസ്ആർടിസിയും അതിന്‍റെ ജീവനക്കാരും. അവരുടെ സുഖവും സന്തോഷവുമാണ് യാത്രക്കാരുടെ സുരക്ഷിതത്വവും സന്തോഷവുമായി തീരുന്നത്.
ഇവർ മാത്രമല്ല കെഎസ്ആർടിസിയിലെ സമർഥരും വിശ്വസ്‌തരുമായ എല്ലാ ഡ്രൈവർമാർക്കും, കണ്ടക്‌ടർമാർക്കും അഭിനന്ദനങ്ങളെന്നും കത്തിൽ പറയുന്നു.
അതേസമയം കെഎസ്‌ആർടിസിയുടെ ഏറ്റവും പുതിയ യാത്ര പദ്ധതിയായ ജനത സർവീസ് (janatha service) 10 ദിവസം കൊണ്ട് തന്നെ ജനപ്രിയമായി.ആദ്യ സർവീസായ കൊല്ലം- തിരുവനന്തപുരം ബസ് റൂട്ടും കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടും യാത്രക്കാർ ഏറ്റെടുത്തു. കുറഞ്ഞ നിരക്കിൽ എസി ബസിൽ ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് ജനത സർവീസിലൂടെ ലഭ്യമാകുന്നത്.