തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രചാരണ പരിപാടികൾ പരിശോധിക്കാൻ ആൻ്റി ഡീഫേസ്മെൻ്റ് സ്ക്വാഡ് രൂപീകരിക്കുന്നു. പ്രചാരണ പരിപാടികളിൽ നിയമ ലംഘനം നടക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കലക്‌ടർമാർക്ക് നിർദേശം നൽകി.
നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്മെൻ്റുകൾ, മീറ്റിങ്ങുകൾ, സാമൂഹ്യ മാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണം എന്നിവ സ്ക്വാഡ് പരിശോധിക്കും. നിയമപരമല്ലാത്ത പ്രചാരണ പരിപാടികൾ നിർത്തിവക്കാനും പോസ്റ്ററുകളും ബോർഡുകളും നീക്കം ചെയ്യാനും ഇവർക്ക് ചുമതലയുണ്ട്. പ്രചാരണത്തിൽ പ്ലാസ്റ്റിക്, ഫ്ലക്‌സ് മുതലായവയുടെ നിയന്ത്രണം നടപ്പാകുന്നുണ്ടോയെന്നും ഉറപ്പുവരുത്തും.
ജില്ലാതലത്തിൽ വരണാധികാരിയല്ലാത്ത അസിസ്റ്റന്‍റ് കലക്‌ടറുടെയോ സബ് കലക്‌ടറുടെയോ ഡെപ്യൂട്ടി കലക്‌ടറുടെയോ നേതൃത്വത്തിലാണ് സ്ക്വാഡ്. താലൂക്ക് തലത്തിൽ തഹസിൽദാരോ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനോ സ്ക്വാഡിന് നേതൃത്വം നൽകും.