തിരുവനന്തപുരം: ഐ.എൻ.ടി.യു.സി നേതാവായിരുന്ന അഞ്ചൽ ഏരൂർ രാമഭദ്രനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്‌തിരുന്നതായി സാക്ഷി മൊഴി. കേസിലെ ഒന്നാം പ്രതി ഗിരീഷിനെ മർദിച്ചതും, രാമഭദ്രൻ സിപിഎമ്മിന് ഭീഷണിയായി വളർന്നു വന്നതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനുവേണ്ടി പല തവണ പദ്ധതികൾ തയാറാക്കിയിരുന്നു.
കേസിലെ 19 പ്രതികളെയും സാക്ഷി തിരിച്ചറിഞ്ഞു. ഗിരീഷിനെ മർദിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് രാമഭദ്രനായിരുന്നു. ഇതിന് പ്രതികാരം ചെയ്യാന്‍ സിപിഎം ഏരൂർ പാർട്ടി ഓഫിസിൽ വച്ച് പ്രത്യേക യോഗം ചേർന്നു. ഗിരീഷ് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴും രാമഭദ്രനെ കൊലപ്പെടുത്തുന്നതിനായുള്ള ആലോചനയിൽ ആയിരുന്നു എന്നും സാക്ഷി മൊഴി നൽകി.
സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ആർ. രാജീവാണ് കോടതിയിൽ മൊഴി നൽകിയത്. ഇയാള്‍ കേസിലെ ഒന്നാം സാക്ഷിയും, മാപ്പു സാക്ഷിയുമാണ്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.
വിചാരണ ദിവസം കേസിലെ മുഴുവൻ പ്രതികളും വെള്ള വസ്‌ത്രം ധരിച്ചെത്തിയതിനാല്‍ സാക്ഷിക്ക് പ്രതികളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായി. തുടർന്ന് പ്രതിക്കൂടിന് അടുത്ത് ചെന്ന് പ്രതികളെ തിരിച്ചറിയാൻ കോടതി നിര്‍ദേശിച്ചു. കൊലപാതകം, ക്രിമിനൽ ഗുഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവ കണക്കിലെടുത്ത് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302, 120 (ബി), 201, 20, 27 ആംസ് ആക്ട് എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍.
സിപിഎം മേഖലകളിൽ കൊല്ലപ്പെട്ട രാമഭദ്രൻ കോൺഗ്രസ് പാർട്ടിയുടെ പ്രചാരം വർധിപ്പിക്കുകയും പ്രവർത്തകരെ സിപിഎമ്മിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്‌തത് കാരണമാണ് രാമഭദ്രനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ കേസ്.
Also Read അഞ്ചൽ രാമഭദ്രന്‍ വധം : വിചാരണ സ്റ്റേ ചെയ്‌ത് ഹൈക്കോടതി