തിരുവനന്തപുരം : നഗരസഭ കോർപറേഷനിലെ നിയമന കത്ത് വിവാദം അന്വേഷിക്കാന്‍ സിപിഎം. ഇന്നുചേര്‍ന്ന സിപിഎം ജില്ല കമ്മിറ്റി യോഗമാണ് വിഷയം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്. കത്തിന്‍റെ ഉറവിടവും ഇതുസംബന്ധിച്ച പ്രചരണവും വിശദമായി അന്വേഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
ALSO READ | 'ആശുപത്രിയിലെ നിയമനത്തിനുള്ള കത്ത് എന്‍റേത്'; ജില്ല സെക്രട്ടറിയ്ക്ക് കൈമാറിയിട്ടില്ലെന്ന് ഡിആര്‍ അനില്‍
കത്തയച്ചിട്ടില്ലെന്ന് മേയറും ലഭിച്ചിട്ടില്ലെന്ന് ജില്ല സെക്രട്ടറിയും വ്യക്തമാക്കിയെങ്കിലും പൊതുജനമധ്യത്തില്‍ പ്രതിരോധത്തിലാകുന്ന തരത്തില്‍ വിവാദം എങ്ങനെ ഉയര്‍ന്നുവെന്നാണ് പാര്‍ട്ടി പരിശോധിക്കുക. ഇതുകൂടാതെ നഗരസഭയിലെ സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായ ഡിആര്‍ അനിലിന്‍റെ കത്തും പുറത്തുവന്നിരുന്നു. ഇതും സിപിഎം വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
'മാധ്യമങ്ങള്‍ വിവാദം കൊഴുപ്പിക്കുന്നു': കത്ത് വിവാദത്തില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. വിവാദം സിപിഎം അന്വേഷിക്കും. പുറത്തുവന്ന കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ വ്യക്തമാവട്ടെ. എല്ലാ വശങ്ങളും അന്വേഷിക്കും.
പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കും. ആര് തെറ്റ് ചെയ്‌താലും നടപടിയെടുക്കുമെന്നും ആനാവൂര്‍ പറഞ്ഞു. കത്ത് വിവാദത്തില്‍ പ്രതിഷേധങ്ങള്‍ക്കാവശ്യമായ മരുന്നിടുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും ആനാവൂര്‍ ആരോപിച്ചു.