തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ അനാക്കോണ്ടകൾക്ക് മരണ കാലം. ശ്രീലങ്കയിൽ നിന്ന് കൊണ്ട് വന്ന എഴ് പാമ്പുകളിൽ നാലെണ്ണം രണ്ട് മാസത്തിനിടെ ചത്തു. രണ്ട് ആണും രണ്ട് പെണ്ണുമാണ് ചത്തത്. ഇന്നലെയാണ് അണുബാധയെ തുടർന്ന് അരുന്ധതി എന്ന ഒൻപതര വയസ്സുകാരി ചത്തത്. ഇതോടെ രണ്ട് കൂടുകളിലായി ഇനിയുള്ളത് മൂന്ന് പെണ്ണുങ്ങൾ മാത്രം.
ഇണ ചേരുന്നതിനിടെ ഞെരിഞ്ഞ് ശ്വാസകോശം തകർന്നാണ് ആദ്യത്തെ അനാക്കോണ്ട ചത്തത്. രണ്ടാമത്തെയും മൂന്നാമത്തെയും മരണങ്ങളിലാണ് അണുബാധ കണ്ടെത്തിയത്. വിദഗ്ധ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ എന്റമീബ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ എല്ലാ പാമ്പുകളെയും പരിശോധിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല. ശേഷിക്കുന്ന അനാക്കോണ്ടകളിലും ബാക്ടീരിയ ബാധയുണ്ട്. ഇവയുടെ നില മെച്ചപ്പെട്ടു വരികയാണെന്ന് മൃഗശാലാ അധികൃതർ പറഞ്ഞു.