തിരുവനന്തപുരം : കേരള നിയമസഭയുടെ 24-ാമത് സ്‌പീക്കറായി എ എൻ ഷംസീർ തെരഞ്ഞെടുക്കപ്പെട്ടു. തലശേരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച അന്‍വര്‍ സാദത്തിനെ 40നെതിരെ 96 വോട്ടുകള്‍ക്കാണ് ഷംസീർ പരാജയപ്പെടുത്തിയത്.
ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറാണ് തെരഞ്ഞെടുപ്പ് നടപടികള്‍ ക്രമീകരിച്ചത്. അതിനാല്‍ അദ്ദേഹം വോട്ട് രേഖപ്പെടുത്തിയില്ല. ഭരണപക്ഷത്തുനിന്ന് രണ്ടംഗങ്ങളും പ്രതിപക്ഷത്തുനിന്ന് ഒരു എംഎല്‍എയും ഹാജരായതുമില്ല. സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് ചെയറിലേക്ക് ആനയിച്ചു.
എം.വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് ഒഴിഞ്ഞ മന്ത്രി സ്ഥാനത്തേക്ക് സ്‌പീക്കറായിരുന്ന എം ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്‌തതോടെയാണ് ഒഴിവുണ്ടായത്. തുടര്‍ച്ചയായി രണ്ടാം തവണ തലശേരി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന ഷംസീർ എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കണ്ണൂര്‍ സര്‍വകലാശാല രൂപീകൃതമായ ശേഷം അതിന്‍റെ ആദ്യ യൂണിയന്‍ ചെയര്‍മാനായി.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ല പ്രസിഡന്‍റ്, സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. തലശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദവും കണ്ണൂര്‍ സർവകലാശാലയിൽ നിന്ന് നരവംശ ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
പ്രൊഫഷണല്‍ കോളജ് പ്രവേശന കൗണ്‍സിലിംഗിനെതിരായ സമരത്തിനിടെ പൊലീസ് മര്‍ദനമേല്‍ക്കുകയും 94 ദിവസം ജയില്‍ വാസം അനുഭവിക്കുകയും ചെയ്‌തു. പിതാവ് റിട്ടയേര്‍ഡ് സീമാന്‍ പരേതനായ കോമത്ത് ഉസ്‌മാന്‍. മാതാവ് എ.എന്‍ സറീന. ഡോ.പി.എം സഹലയാണ് ഭാര്യ, മകന്‍ ഇസാന്‍.