തിരുവനന്തപുരം: കൊവിഡ് രോഗികളായ അതിഥി തൊഴിലാളികൾക്ക് രോഗ ലക്ഷണമില്ലെങ്കിൽ ജോലി ചെയ്യാമെന്ന ഉത്തരവ് തിരുത്താൻ ചീഫ് സെക്രട്ടറിയുടെ നിർദേശം. ഉത്തരവ് വിവാദമായതിനെ തുടർന്നാണ് നടപടി. പൊതുഭരണ വകുപ്പാണ് വിവാദ ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചത്.
കൊവിഡിനെ തുടർന്ന് തൊഴിലാളികൾ നാട്ടിലേയ്ക്ക് മടങ്ങിയ ഘട്ടത്തിൽ പല അടിസ്ഥാന സൗകര്യ വികസന പദ്ധതികളും വേഗത്തിലാക്കാൻ കഴിയുന്നില്ലെന്ന് വ്യവസായ വകുപ്പ് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് മടങ്ങിയെത്തിയ തൊഴിലാളികളിൽ രോഗം സ്ഥിരീകരിച്ചാലും ലക്ഷണങ്ങൾ ഇല്ലെങ്കിൽ ജോലി ചെയ്യിപ്പിക്കാമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ ഇതിനെതിരെ ഡോക്‌ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്തെത്തി. രോഗബാധിതർക്ക് വിശ്രമം അത്യാവശ്യമാണെന്നും ആരോഗ്യ വകുപ്പുമായി ആലോചിക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കെ.ജി.എം.ഒ.എ വിമർശനമുന്നയിച്ചു.