തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരെല്ലാം പുതുമുഖങ്ങൾ. കെകെ ശൈലജയുൾപ്പെടെ ആർക്കും ഇളവില്ല. എല്ലാ മന്ത്രിമാരും പുതുമുഖങ്ങൾ മതിയെന്ന് സിപിഎം സംസ്ഥാന സമിതി തീരുമാനം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ ആർക്കും ഇളവു നൽകേണ്ടെന്ന് സംസ്ഥാന സമിതി തീരുമാനിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജക്ക് ഇക്കാര്യത്തിൽ ഇളവ് നൽകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ ആർക്കും ഇളവ് വേണ്ട എന്നാണ് സംസ്ഥാന സമിതി തീരുമാനം.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ രാധാകൃഷ്ണൻ, എംവി ഗോവിന്ദൻ, പി രാജീവ്, കെ.എൻ ബാലഗോപാൽ എന്നിവർ മന്ത്രിസഭയിലേക്ക് എത്തും. സംസ്ഥാന സമിതി അംഗങ്ങളായ സജി ചെറിയാൻ, വിഎൻ വാസവൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ് എന്നിവരും മന്ത്രിയാകും. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ ഭാര്യയും ഇരിങ്ങാലക്കുട എംഎൽഎയുമായ ആർ ബിന്ദുവും ആറന്മുള എംഎൽഎ വീണ ജോർജുമാണ് മന്ത്രിസഭയിലെ വനിതാ പ്രാധിനിത്യം. താനൂർ എംഎൽഎ വി അബ്ദുറഹ്മാനേയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സമിതി തീരുമാനിച്ചു.
Also Read: സിപിഐ മന്ത്രിമാരെ നിശ്ചയിച്ചു: നാല് പേരും പുതുമുഖങ്ങള്‍
തൃത്താല പിടിച്ചെടുത്ത സംസ്ഥാന സമിതി അംഗം എംബി രാജേഷാണ് സ്പീക്കർ. സംസ്ഥാന സമിതിയിൽ സെക്രട്ടേറിയറ്റ് തീരുമാനം അവതരിപ്പിച്ചത് കോടിയേരി ബാലകൃഷ്ണനാണ്. സ്ഥാനാർഥി നിർണയത്തിൽ കൊണ്ടുവന്ന തലമുറ മാറ്റം മന്ത്രിസഭയിൽ പ്രാവർത്തികമാക്കിയിരിക്കുകയാണ് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെകെ ശൈലജക്ക് പുറമേ എംഎം മണി, ടിപി രാമകൃഷ്ണൻ എന്നിവരും മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിൽക്കും.