തിരുവനന്തപുരം : ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാപുരോഗതി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സര്‍ക്കാരിനെ സമീപിച്ച് സഹോദരന്‍ അലക്‌സ് ചാണ്ടി. അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്‌തവുമായ ചികിത്സ കിട്ടുന്നില്ലെന്നാണ് ആരോഗ്യ മന്ത്രിക്ക് അയച്ച പരാതിയില്‍ സഹോദരൻ കുറ്റപ്പെടുത്തുന്നത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി നിലവില്‍ ബെംഗളൂരു എച്ച്സിജി ആശുപത്രിയില്‍ ചികിത്സയിലാണ്.
സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇവരുമായി ബന്ധപ്പെടണമെന്നും ഓരോ ദിവസത്തെയും ചികിത്സാപുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അറിയിക്കുന്ന രീതിയിലുള്ള സംവിധാനം ഉണ്ടാക്കണമെന്നും അലക്‌സ് വി ചാണ്ടി കത്തില്‍ ആവശ്യപ്പെടുന്നു. കുടുംബം ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരന്‍ അലക്‌സ് വി ചാണ്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യമന്ത്രി ഇടപെടുകയും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി ഫെബ്രുവരിയില്‍ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. എഐസിസി ഏർപ്പാടാക്കിയ ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു യാത്ര.
എന്നാല്‍ ഉമ്മന്‍ചാണ്ടി തന്നെ ചികിത്സാവിഷയത്തില്‍ പരാതികളെ അവഗണിച്ച് ഫേസ്ബുക്ക് കുറിപ്പ് ഇറക്കിയിരുന്നു. 'എന്‍റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് വസ്‌തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഏറെ ഖേദം ഉണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്‍റെ കുടുംബവും, പാര്‍ട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്‍റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട്, ഒരാള്‍ക്കെതിരെയും നടത്താന്‍ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്‌നേഹത്തോടെ അഭ്യര്‍ഥിക്കുന്നു' - എന്നായിരുന്നു പറഞ്ഞത്.
ബെംഗളൂരുവിലെ പരിചരണത്തില്‍ ശ്വാസകോശത്തിലെ അണുബാധ മാറിയതായും ഉമ്മന്‍ ചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങള്‍ ബെംഗളൂരുവില്‍ അദ്ദേഹത്തോടൊപ്പമുണ്ട്.