തിരുവനന്തപുരം: സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാര്‍ ജില്ലകളില്‍ നടത്തുന്ന അദാലത്തില്‍ പരാതി നല്‍കുന്നതിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി അദാലത്തിലേക്ക് പരാതികള്‍ നല്‍കുന്നതിനാണ് സര്‍വ്വീസ് ചാര്‍ജ്ജ് നൽകേണ്ടി വരിക. ഓരോ അപേക്ഷയ്ക്കും 20 രൂപയാണ് സര്‍വ്വീസ് ചാര്‍ജ്ജായി നിശ്ചയിച്ചിരിക്കുന്നത്.
പരാതി സ്‌കാന്‍ ചെയ്യുന്നതിനും പ്രിന്‍റ് ചെയ്യുന്നതിനും ചാര്‍ജ്ജ് നിശ്ചയിച്ചിട്ടുണ്ട്. 3 രൂപയാണ് ഒരു പേജ് പ്രിന്‍റ് ചെയ്യുന്നതിനും സ്‌കാന്‍ ചെയ്യുന്നതിനും നല്‍കേണ്ടത്. അക്ഷയ ഡയറക്‌ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വ്വീസ് ചാര്‍ജ്ജ് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് നിലവിൽ വന്നത്. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലാണ് താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നത്.
താലൂക്ക് തലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കലക്‌ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക. വിവിധ മന്ത്രിമാര്‍ക്ക് ജില്ലാതലത്തില്‍ അദാലത്തിന്‍റെ ചുമതല നിശ്ചയിച്ചിട്ടുണ്ട്. നടത്തിപ്പും സംഘാടനവും ജില്ല കലക്‌ടര്‍മാരുടെ ചുമതലയാണ്.
വലിയ വില: പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതില്‍ അക്ഷയ കേന്ദ്രം വഴി സമര്‍പ്പിക്കുന്ന പരാതികള്‍ക്ക് മാത്രമായിരിക്കും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുക. ചികിത്സ സഹായം അടക്കം നിരവധി പരാതികളാണ് അദാലത്തിലൂടെ പൊതുജനങ്ങള്‍ ഉന്നയിക്കുക. ചികിത്സ സഹായം സംബന്ധിച്ച് പരാതികളില്‍ വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ ചികിത്സാ രേഖകള്‍ മുഴുന്‍ ചേര്‍ക്കേണ്ടതുണ്ട്. അത്തരത്തില്‍ നിരവധി രേഖകള്‍ സ്‌കാന്‍ചെയ്‌ത് നല്‍കുമ്പോള്‍ പേജ് ഒന്നിന് 3 രൂപ വച്ച് വലിയ തുക തന്നെ ഇതിനായി നല്‍കേണ്ടി വരുന്നുവെന്നാണ് ആക്ഷേപം.
ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാമെങ്കിലും ഇതിലെ സാങ്കേതികമായ എല്ലാ കാര്യങ്ങള്‍ സാധാരണക്കാരന് ചെയ്യാന്‍ കഴിയുന്നതല്ല. അതിനാല്‍ തന്നെ എല്ലാവരും ആശ്രയിക്കേണ്ടി വരിക അക്ഷയ കേന്ദ്രങ്ങളെയാകും. ഇത്തരത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി സര്‍വ്വീസ് ചാര്‍ജ്ജ് നിശ്ചയിച്ചതിനെ വിമര്‍ശനം ഉയരുന്നുണ്ട്.
അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികള്‍ ഏപ്രില്‍ 1 മുതല്‍ 10 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ സ്വീകരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പൊതു അവധി ദിവസങ്ങളടക്കം കൂടുതലായതിനാല്‍ പരാതി നല്‍കാനുള്ള തീയതി ഏപ്രില്‍ 15 വരെ നീട്ടിയിട്ടുണ്ട്.