തിരുവനന്തപുരം : എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. നിരോധിത സ്‌ഫോടക വസ്‌തുവായ പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചാണ് ജിതിന്‍ ആക്രമണം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
എകെജി സെന്‍റര്‍ ആക്രമണം ഗൗരവമേറിയ പ്രവൃത്തിയാണെന്നും വലിയ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും അല്ലെങ്കില്‍ പുറ്റിങ്ങൽ ദുരന്തം പോലെ ആകുമായിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ജിതിന്‍റെ അറസ്റ്റ് രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
180 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയുടെ ഷൂ, ടിഷർട്ട്, ബൈക്ക് എന്നിവ മനസിലാക്കിയിട്ടും ഹെല്‍മെറ്റ് പോലും ധരിക്കാത്ത പ്രതിയുടെ മുഖം കണ്ടെത്തുവാന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. സാധാരണ ഊബർ ഡ്രൈവറായ ജിതിന്‍ നിത്യവൃത്തിക്കായി പണം സ്വരൂപിക്കുന്നത് വളരെ കഷ്‌ടപ്പെട്ടാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയില്‍ കോടതി സെപ്‌റ്റംബർ 29ന് വിധി പറയും.
Also Read: എകെജി സെന്‍റര്‍ ആക്രമണ കേസ് : ജിതിന്‍ അടുത്തമാസം 6 വരെ റിമാന്‍ഡില്‍
അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫിസും കോണ്‍ഗ്രസ് ഓഫിസും തകര്‍ത്തതിന്‍റെ വൈരാഗ്യമാണ് എകെജി സെന്‍റര്‍ ആക്രമണത്തിന് കാരണമായതെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ വാദം. ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്.