തിരുവനന്തപുരം: എ.കെ.ജി സെന്‍റര്‍ ആക്രമണ കേസിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്‍റെ കസ്റ്റഡി അപേക്ഷയും ജാമ്യ അപേക്ഷയും കോടതി ഇന്ന്(സെപ്‌റ്റംബര്‍ 23) പരിഗണിക്കും. അതേസമയം ആക്രമണം നടന്ന ദിവസം ഉപയോഗിച്ച ഫോണും സ്‌കൂട്ടറും ക്രൈം ബ്രാഞ്ചിന് കണ്ടെത്താനാകാത്തത് വെല്ലുവിളി ഉയർത്തും. ഗൂഢാലോചനയിൽ കൂടുതൽ പേർ ഉൾപ്പെട്ടിരിക്കുന്നതായാണ് പൊലീസ് പറയുന്നത്.
നാല് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ക്രൈം ബ്രാഞ്ച് നല്‍കിയത്. സ്‌ഫോടക വസ്‌തുവെറിഞ്ഞത് താനാണെന്ന് ജിതിന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് റിമാൻഡ് റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് പറയുന്നത്. യൂത്ത് കോൺഗ്രസിന്‍റെ പ്രാദേശിക നേതൃത്വത്തിന്‍റെ കൂടി അറിവോടെയാണ് പ്രതി എകെഎജി സെന്‍റർ ആക്രമിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
കെപിസിസി ഓഫിസിന് നേരെയും രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫിസിന് നേരെയും നടന്ന ആക്രമണങ്ങള്‍ക്ക് പകരമായാണ് സ്ഫോടക വസ്‌തു എറിഞ്ഞതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സ്ഫോടക വസ്‌തു എറിയാനായി ജിതിൻ എത്തിയത് ഗ്രേ കളറിലുള്ള ഡിയോ സ്റ്റാൻഡേഡ് സ്കൂട്ടറിലാണ്. ജിതിന്‍ സുഹൃത്തിന്‍റെ സ്‌കൂട്ടറാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു . എന്നാല്‍ ചോദ്യം ചെയ്യലില്‍ സുഹൃത്തിനെ കുറിച്ചോ സ്‌കൂട്ടര്‍ ആര്‍ക്ക് തിരികെ കൊടുത്തുവെന്നതിനെ കുറിച്ചോ വ്യക്തമായ മറുപടി ജിതിനില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല.
also read:എകെജി സെന്‍റർ ആക്രമണം : യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജിതിന്‍ റിമാന്‍ഡില്‍