തിരുവനന്തപുരം : എകെജി സെന്‍റർ ബോംബാക്രമണത്തെ തുടർന്നുള്ള കലാപാഹ്വാന കേസില്‍ സിപിഎം നേതാക്കളായ ഇ പി ജയരാജനും പി കെ ശ്രീമതിയ്ക്കും തിരുവനന്തപുരം ജില്ല കോടതിയുടെ നോട്ടിസ്. കോടതിയുടെ റെക്കോഡുകൾ വിളിച്ചു വരുത്താനും നിർദേശമുണ്ട് ( AKG Center Attack Case). കഴിഞ്ഞവർഷം നടന്ന എകെജി സെന്‍റർ ബോംബാക്രമണത്തെ തുടർന്ന് നിമിഷങ്ങൾക്കകം എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിയും കലാപാഹ്വാനം നടത്തിയിട്ടുണ്ടെന്നും വസ്‌തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് നാട്ടിൽ കലാപങ്ങൾ സൃഷ്‌ടിച്ചുവെന്നും നിരവധിയായ കലാപങ്ങളിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ പൊലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അതിനാൽ ഇവർക്കെതിരെ കേസെടുക്കണമെന്ന ഹർജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ വർഷം തള്ളിയിരുന്നു.
എന്നാൽ ഈ കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്‌തുകൊണ്ടാണ് ഒരു വർഷത്തിനുശേഷം പരാതിക്കാരൻ നേരിട്ട് ജില്ല കോടതിയിൽ റിവിഷൻ ഹർജിയുമായി സമീപിച്ചത്. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സ്‌റ്റേഷനിൽ എകെജി സെന്‍റർ ബോംബാക്രമണത്തെ തുടർന്നുള്ള കലാപാഹ്വാനത്തിൽ ഇ പി ജയരാജനും പി കെ ശ്രീമതിയ്ക്കുമെതിരെ ഹര്‍ജിക്കാരന്‍ പരാതി നൽകിയിരുന്നു. ഒരുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതു കൊണ്ടാണ് താന്‍ കീഴ്‌ക്കോടതിയെ സമീപിച്ചത് എന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.
എന്നാൽ കീഴ്‌ക്കോടതി കെ സുധാകരൻ, വിഡി സതീശൻ ഉൾപ്പടെയുള്ള എട്ട് സാക്ഷികളെ വിസ്‌തരിക്കാതെയാണ് ഹർജി തള്ളിയത്. 2022 സെപ്റ്റംബർ 9 ലെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയായിരുന്നു പരാതിക്കാരൻ പായ്‌ചിറ നവാസ് കഴിഞ്ഞ മാസം നേരിട്ട് ജില്ല കോടതിയെ സമീപിച്ചത്. അടുത്ത മാസം 28 ന് കേസ് പരിഗണിക്കും.
കഴിഞ്ഞ വർഷമായിരുന്നു തിരുവനന്തപുരത്തെ സിപിഎം സംസ്ഥാനകമ്മിറ്റി ഓഫിസായ എകെജി സെന്‍ററിന് നേരെ അക്രമണമുണ്ടായത്. എകെജി സെന്‍ററിന്‍റെ താഴത്തെ പ്രവേശനകവാടത്തിന് മുന്നിലെ ഭിത്തിയിലേക്ക് ബോംബ് വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ സിപിഎം നേതാവ് പി കെ ശ്രീമതി എകെജി സെന്‍ററിലുണ്ടായിരുന്നു.
വിവരം അറിഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സ്ഥലത്തെത്തി. സ്‌കൂട്ടറിലെത്തിയ യുവാവാണ് ബോംബ് എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ആദ്യം ഒരു പ്രാവശ്യം രംഗ നിരീക്ഷണം നടത്തി തിരിച്ചുപോയി വീണ്ടും സെന്‍ററിനകത്തേക്ക് ബോംബ് എറിയുന്ന ദൃശ്യമാണ് സിസിടിവിയിൽ പതിഞ്ഞിരുന്നത്. പൊലീസ് നിൽക്കുന്ന ഗേറ്റ് ഒഴിവാക്കി മറുഭാഗത്താണ് അക്രമം നടത്തിയത്.
അതേസമയം ബോംബ് ഗേറ്റിൽ തട്ടിയതുകൊണ്ടാണ് അക്രമിയുടെ ലക്ഷ്യം പാളിയതെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. ശബ്‌ദം കേട്ട് പ്രധാന ഗേറ്റിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തിയിരുന്നെങ്കിലും അക്രമി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ബോംബ് ആക്രമണമാണ് ഉണ്ടായതെന്നും ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്നും ഇ പി ജയരാജൻ ആരോപിച്ചിരുന്നു.
കേസില്‍ തിരുവനന്തപുരം മണ്‍വിള സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിലെടുക്കുകയും കൂടാതെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടി പ്രതി ചേര്‍ക്കുകയും ചെയ്‌തിരുന്നു. ജിതിന് ആക്രമണത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്‌ത യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, നവ്യ ടി എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതി ചേര്‍ത്തിരുന്നത്.