തിരുവനന്തപുരം: ദക്ഷിണ വ്യോമസേന മേധാവിയായി എയര്‍ മാര്‍ഷല്‍ ബാലകൃഷ്‌ണന്‍ മണികണ്‌ഠന്‍ ചുമതലയേറ്റു. വ്യോമസേന ആസ്ഥാനത്ത് സേനാംഗങ്ങള്‍ എയര്‍മാര്‍ഷലിന് ഹൃദ്യമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. കോട്ടയം സ്വദേശിയായ അദ്ദേഹം 1986 ജൂണ്‍ ഏഴിനാണ് ഭാരതീയ വ്യോമസേനയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്. തുടര്‍ന്ന് നിരവധി ഹെലികോപ്റ്ററുകളിലും ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റുകളിലുമായി 5400 മണിക്കൂറിലധികം സമയം പറന്നിട്ടുണ്ട്.
മികച്ച ഹെലികോപ്റ്റര്‍ കോംബാറ്റ് ലീഡറും യോഗ്യത നേടിയ ഫ്ലൈയിങ് പരിശീലകനുമായ എയര്‍ മാര്‍ഷല്‍ ബാലകൃഷ്‌ണന്‍ മണികണ്‌ഠന്‍ കോട്ടയത്തെ കഴക്കൂട്ടം സൈനിക് സ്‌കൂളിലെയും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെയും പൂര്‍വവിദ്യാര്‍ഥിയാണ്. എയര്‍ മാര്‍ഷല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ടാക്റ്റിക്‌സ് ആന്‍ഡ് എയര്‍ കോംബാറ്റ് ഡെവലപ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റിലും (TACDE) പ്രബോധന കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരു മുന്‍നിര ഹെലികോപ്റ്റര്‍ യൂണിറ്റിന്‍റെയും രണ്ട് പ്രീമിയര്‍ വ്യോമസേന കേന്ദ്രത്തിന്‍റെയും ചുമതല വഹിച്ചിട്ടുണ്ട്.
മെയിന്‍റനന്‍സ് കമാന്‍ഡ് ആസ്ഥാനത്തെ സീനിയര്‍ എയര്‍ ആന്‍ഡ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസര്‍ (SAASO), അന്താരാഷ്ട്ര പ്രതിരോധ സഹകരണത്തിന്‍റെ ഉത്തരവാദിത്തമുള്ള ഇന്‍റഗ്രേറ്റഡ് ഡിഫന്‍സ് സര്‍വീസസ് എന്നിവയുടെ നിയമനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. എല്‍ടിടിക്കെതിരെ ശ്രീലങ്കയിലുണ്ടായ ഓപ്പറേഷന്‍ പവന്‍, സിയാച്ചിനിലെ ഓപ്പറേഷന്‍ മേഘ്‌ദൂത് എന്നിവയിലും എയര്‍ മാര്‍ഷല്‍ ബി മണികണ്‌ഠന്‍ പങ്കെടുത്തിരുന്നു.
വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും സെക്കന്തരാബാദ് കോളജ് ഓഫ് ഡിഫന്‍സ് മാനേജ്മെന്‍റില്‍ നിന്ന് എംഎംഎസും ന്യൂഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളജില്‍ നിന്ന് എംഫിലും നേടിയിട്ടുണ്ട്.
നിലവിലെ നിയമനം ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിലെ എയര്‍ ഓപ്പറേഷന്‍സ് കൈകാര്യം ചെയ്യുന്ന സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫിസറായിരുന്നു. വിശിഷ്‌ട സേവനത്തിന് എയര്‍ മാര്‍ഷലിന് രാഷ്ട്രപതിയുടെ അതിവിശിഷ്‌ട സേവ മെഡല്‍, വായുസേന മെഡല്‍ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ അരീക്കോട് എസ്‌ഒഎച്ച് സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനായ എം.ആര്‍ ബാലകൃഷ്‌ണപിള്ളയുടെയും പി. ലക്ഷ്‌മിയുടെയും മകനാണ് എയര്‍ മാര്‍ഷല്‍ ബി മണികണ്‌ഠന്‍.