തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുനിരത്തുകളിൽ സ്ഥാപിച്ച എഐ കാമറകൾക്ക് പ്രവർത്തനാനുമതി നൽകി. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് പ്രവർത്തനാനുമതിക്ക് അംഗീകാരം നൽകിയത്. എ ഐ കാമറകളുടെ പ്രവർത്തനം ഏപ്രിൽ 20 മുതൽ ആരംഭിക്കാനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. മോട്ടോർ വാഹന വകുപ്പിന്‍റെ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളാണ് പ്രവർത്തനം ആരംഭിക്കുന്നത്.
വാഹനങ്ങളുടെ ചിത്രങ്ങൾ പൂർണ വ്യക്തതയോടെ പതിയുന്ന തരത്തിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്‍റിനാണ് ഇതിന്‍റെ നിരീക്ഷണ ചുമതല. ഇതിനായി എല്ലാ ജില്ലകളിലും കണ്‍ട്രോൾ റൂമും ഒരു കേന്ദ്ര കണ്‍ട്രോൾ റൂമും ഒരുക്കി. കെൽട്രോണുമായി മൂന്ന് വർഷം മുൻപാണ് കരാർ ഒപ്പുവച്ചത്. അഞ്ച് വർഷത്തേക്കാണ് കരാർ. മൂന്ന് മാസം കൂടും തോറും 11.5 കോടി രൂപ വീതം കെൽട്രോണിന് നൽകും.
പണം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധന - ഗതാഗത വകുപ്പുകൾ തമ്മിൽ നിലനിന്ന തർക്കങ്ങളാണ് കാമറകളുടെ പ്രവർത്തനം വൈകാൻ കാരണം. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത്, ബൈക്കുകളിൽ മൂന്ന് പേർ യാത്ര ചെയ്യുന്നത്, സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത്, അടക്കമുള്ള നിയമലംഘനങ്ങൾക്ക് ഇനി മുതൽ പിടിവീഴും. അമിത വേഗതയ്ക്കും പിടിവീഴും.
Also Read: ബിജെപി അനുകൂല പ്രസ്‌താവന: ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയെ വിമര്‍ശിച്ച് സത്യദീപം വാരിക
അതേസമയം കെഎസ്ആർടിസി ബസുകളിൽ രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറക്കണമെന്നും ഗതാഗത വകുപ്പ് ഉത്തരവിറക്കി. മിന്നൽ ബസുകൾ ഒഴികെ എല്ലാ ബസുകളും സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തി രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ അവർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ഇറക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഗതാഗത വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെ ഇത് സംബന്ധിച്ച് ജീവനക്കാർക്ക് കർശന നിർദേശം നൽകി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറും ഉത്തരവിറക്കി.
ഇത് സംബന്ധിച്ച് കർശന നിർദേശം കഴിഞ്ഞ വർഷം ജനുവരിയിലും സിഎംഡി നൽകിയിരുന്നു. എന്നാൽ ഇത് ദുരുപയോഗം ചെയ്‌ത് സൂപ്പർ ക്ലാസ് ബസ്സുകൾ അടക്കം എല്ലായിടത്തും നിർത്തണം എന്ന ആവശ്യം ഉയർന്നു. ഇത് ദീർഘദൂര യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ബസുകൾ താമസിക്കുന്ന സാഹചര്യവുമുണ്ടായി. ഇതേ തുടർന്ന് ഈ സൗകര്യം സൂപ്പർ ക്ലാസ് സർവീസുകളിൽ മാത്രം നിർത്തലാക്കിയിരുന്നു. എന്നാൽ ഗതാഗത മന്ത്രി ആൻ്റണി രാജു നിർദേശം നൽകിയതിന് പിന്നാലെയാണ് കെഎസ്ആർടിസി വീണ്ടും ഉത്തരവിറക്കിയത്.
Also Read: കെഎസ്‌ആര്‍ടിസി പുതിയ ഡയറക്‌ടറായി മഹുവ ആചാര്യ; നിയമനം സുശീൽ ഖന്ന റിപ്പോർട്ടിനെ തുടര്‍ന്ന്