തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ (06-06-2023) എഐ കാമറ വഴി കണ്ടെത്തിയത് 49,317 നിയമ ലംഘനങ്ങൾ. തിങ്കളാഴ്‌ച അർധരാത്രി 12 മണി മുതൽ ഇന്നലെ വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വൻ വർധനവാണ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ വഴി ഇന്നലെ ഏറ്റവുമധികം നിയമ ലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 8,454 നിയമ ലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കുറവ് നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
1,252 നിയമ ലംഘനങ്ങളാണ് ആലപ്പുഴ ജില്ലയിലാകെ റിപ്പോർട്ട് ചെയ്‌തത്. അതേസമയം തിങ്കളാഴ്‌ച സംസ്ഥാനത്ത് ആകെ 28,891 നിയമ ലംഘനങ്ങളാണ് പിടികൂടിയത്. തിങ്കളാഴ്‌ച രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കാണിത്.
കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലാണ് ഏറ്റവുമധികം നിയമ ലംഘനങ്ങൾ ഉണ്ടായത്. 4,778 നിയമ ലംഘനങ്ങളാണ് ഇവിടെ മാത്രം റിപ്പോർട്ട് ചെയ്‌തത്. ഏറ്റവും കുറവ് നിയമ ലംഘനങ്ങൾ മലപ്പുറം ജില്ലയിലാണ്. 545 നിയമ ലംഘനങ്ങളാണ് ഇവിടെ ആകെ റിപ്പോർട്ട് ചെയ്‌തത്.
എഐ കാമറ വഴി തിങ്കളാഴ്‌ച കണ്ടെത്തിയ മുഴുവൻ നിയമ ലംഘനങ്ങൾക്കും ഇന്നലെ രാവിലെ മുതൽ പിഴ നോട്ടിസ് നൽകി തുടങ്ങുമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ നിയമ ലംഘകർക്ക് പിഴ ചുമത്താനായി നോട്ടിസ് അയക്കുന്നത് മുടങ്ങിയെന്നാണ് ഒടുവിൽ ലഭ്യമാകുന്ന വിവരം. എഐ കാമറ പ്രവർത്തനമാരംഭിച്ച തിങ്കളാഴ്‌ച മുതലാണ് സെർവർ തകരാറിലായത്.
സെൽവർ തകരാർ പരിഹരിക്കാൻ ശ്രമം നടത്തുന്നതായാണ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. നാഷണൽ ഇൻഫോമാറ്റിക് സെന്‍ററിന്‍റെ കീഴിലുള്ള സോഫ്റ്റ്‌വെയറിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. സെൻട്രൽ കൺട്രോൾ റൂമിലെ സെർവറിലേക്കാണ് നിയമ ലംഘനങ്ങളുടെ വിവരങ്ങൾ എത്തുന്നത്.
തുടർന്ന് ഇത് അതാത് ജില്ല കൺട്രോൾ റൂമുകളിലേക്ക് കൈമാറും. ജില്ലയിലെ ട്രാൻസ്‌പോർട് ഭവനിലാണ് സെൻട്രൽ കൺട്രോൾ റൂമും ജില്ല കൺട്രോൾ റൂമും പ്രവർത്തിക്കുന്നത്. സെർവറിൽ നിന്ന് ലിസ്റ്റായാണ് നിയമ ലംഘനങ്ങൾ ജില്ല കൺട്രോൾ റൂമിലേക്ക് കൈമാറുന്നത്.
ഇത്തരത്തിൽ കൈമാറുന്ന നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ കെൽട്രോണിലെ ഉദ്യോഗസ്ഥർ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൈമാറുകയാണ് ചെയ്യുക. നിയമ ലംഘനം നടത്തുന്ന വാഹനത്തിന്‍റേയും ആളുകളുടെയും വിദൂര ദൃശ്യവും അടുത്തുള്ള ദൃശ്യവുമാണ് കൈമാറുന്നത്.
അതേസമയം ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 12 വയസിൽ താഴെയുള്ള കുട്ടിക്ക് മൂന്നാമത്തെ യാത്രക്കാരനായി കണക്കാക്കി തത്കാലം പിഴ ഈടാക്കില്ലെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും കേന്ദ്ര തീരുമാനം വരുന്നത് വരെ പിഴ ഈടാക്കേണ്ടെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞിരുന്നു.