തിരുവനന്തപുരം : ഒക്ടോബര്‍ 15 ന് വൈകിട്ട് നാലുമണിക്ക് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ (Ahamed Devarkovil Says First Ship Will Reach Vizhinjam Port On October-15). ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഈശ്വരന്‍റെ അനുഗ്രഹം കനിഞ്ഞിറങ്ങിയ പോർട്ടാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം (Vizhinjam International Seaport). സമീപകാലത്ത് കൃത്യതയോടെ കാര്യങ്ങൾ വിലയിരുത്തി ചെയ്‌തതിന്‍റെ ഫലമായാണ് പദ്ധതി പൂർത്തീകരിക്കാനായതെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം ലോകശ്രദ്ധ പിടിച്ചുപറ്റും. ലോകത്തെ ഏത് കപ്പലിനും അനായാസം വന്നുപോകാൻ സാധിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടൽ ഉള്ള സംസ്ഥാനം കേരളം ആണ്. ഇത് ഇനിയും വർധിക്കും. പോർട്ട് യഥാർഥ്യമായാൽ കൂടുതൽ ഉത്പാദകർ കേരളത്തിൽ എത്തും. സാമൂഹിക ചുറ്റുപാട് ശാന്തമായതിനാൽ ടൂറിസത്തിനും സാധ്യത കൂടും. അതിലൂടെ തൊഴിലവസരം കൂടും. റിങ് റോഡിനായി 6500 കോടി മാറ്റിവച്ചിട്ടുണ്ട്. ഇതിന്‍റെ ഇരുവശങ്ങളിലും പുതിയ വികസനം വരും. തിരുവനന്തപുരത്തെ പ്രധാന നഗരമായി വിഴിഞ്ഞം മാറും. തുറമുഖത്തിനടുത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള കാര്യങ്ങൾ നേരത്തേ തീരുമാനിച്ചതാണ്. ഇവർക്ക് തൊഴിലും നൽകും. അതിനായി അസാപ് മുഖേന ട്രെയിനിങ് കൊടുക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
ആദ്യ കപ്പല്‍ പുറങ്കടലില്‍ : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ കപ്പലായ ഷെന്‍ഹുവ 15 വിഴിഞ്ഞം പുറങ്കടലില്‍ എത്തി. വിഴിഞ്ഞം തുറമുഖത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തായി 28 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് ഇപ്പോള്‍ കപ്പലിന്‍റെ സ്ഥാനം. ഈ മാസം 15-നാണ് കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് പ്രവേശിക്കുക (First Cargo Ship to Vizhinjam port).
ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്നും പുറപ്പെട്ട ഷെന്‍ഹുവ 15 കപ്പലില്‍ (Zhenhua 15 Ship) വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഒരു സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രെയിന്‍, രണ്ട് റെയില്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിന്‍ എന്നിങ്ങനെ മൂന്നെണ്ണമാണുള്ളത്. ക്രെയിനുകള്‍ ഇറക്കുന്നതിനുള്ള റെയിലുകള്‍ ബെര്‍ത്തില്‍ നിരത്തുന്ന ജോലി അന്തിമഘട്ടത്തിലാണ്.
Also Read: vizhinjam International SeaPort : വിഴിഞ്ഞം തുറമുഖം; ഡോള്‍ഫിന്‍ 27 ടഗ്ഗ് എത്തി
കപ്പലിനെ ബെര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനായി നാല് ടഗ്ഗുകള്‍ (Dolphin 27 tug) വിഴിഞ്ഞം തുറമുഖത്ത് നേരത്തേ എത്തിയിട്ടുണ്ട്. ടഗ്ഗുകളുടെ സഹായത്തോടെ കപ്പലിനെ ബെര്‍ത്തിന് 100 മീറ്ററോളം അരികിലെത്തിക്കും. ഞായറാഴ്‌ച (ഒക്‌ടോബർ 15) നടക്കുന്ന സ്വീകരണച്ചടങ്ങില്‍ ജലധാരയുടെ അകമ്പടിയോടെ കപ്പലിനെ ബെര്‍ത്തിലേക്ക് എത്തിക്കും. നേരത്തെ ഒക്ടോബര്‍ നാലിനാണ് കപ്പല്‍ എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും ഷാങ്‌ഹായ്, വിയറ്റ്‌നാം, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ടൈക്കൂണ്‍ കാരണം യാത്രയുടെ വേഗത കുറയുകയും കപ്പല്‍ എത്തുന്ന തീയതി മാറുകയുമായിരുന്നു.
ഞായറാഴ്‌ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അദാനിയും പരിപാടിയില്‍ പങ്കെടുക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖം : 7600 കോടി രൂപയുടെ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയായ വിഴിഞ്ഞം തുറമുഖം (vizhinjam International SeaPort) ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖമാണ് (20 മീറ്റര്‍ ആഴം). പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്‍റ്, 5000ത്തിലധികം തൊഴിലവസരങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്‍റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭിക്കുന്ന ആദ്യ ഗ്രീന്‍ഫീല്‍ഡ് തുറമുഖം, അനുബന്ധമായി 11 കിലോമീറ്റര്‍ പ്രകൃതി സൗഹൃദ തുരങ്ക റെയില്‍പ്പാത, 6000 കോടി രൂപ മുതല്‍മുടക്കില്‍ ഔട്ടര്‍ റിങ് റോഡും വ്യാവസായിക ഇടനാഴിയും, തുറമുഖാധിഷ്‌ഠിത തൊഴില്‍ പരിശീലനത്തിന് 50 കോടി രൂപ ചെലവില്‍ ട്രെയിനിങ് സെന്‍റര്‍, ലോജിസ്റ്റിക് പാര്‍ക്കും അനുബന്ധ വ്യവസായങ്ങളും എന്നിവ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ പ്രത്യേകതയാണ്.