തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആളിപ്പടരുന്ന അഗ്നിപഥ് പ്രതിഷേധം കേരളത്തിലേക്കും വ്യാപിക്കുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും നൂറുകണക്കിന് യുവാക്കളാണ് നീതി ലഭ്യമാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. സമരക്കാര്‍ തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും കോഴിക്കോട്ട് ആര്‍മി റിക്രൂട്ട്‌മെന്‍റ് മേഖല ഓഫിസിലേക്കും മാര്‍ച്ച് നടത്തി.
തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് രാവിലെ പ്രതിഷേധം ആരംഭിക്കുമ്പോള്‍ 300 പേര്‍ മാത്രമായിരുന്നു. എന്നാല്‍ പ്രതിഷേധം രാജ്ഭവന് മുന്നിലെത്തുമ്പോള്‍ യുവാക്കളുടെ കൂട്ടം അയ്യായിരത്തോളം പേരായി ഉയര്‍ന്നു. സമരത്തിന്‍റെ തുടക്കത്തില്‍ ഉദ്യോഗാര്‍ഥികളെ തണുപ്പിക്കാന്‍ പൊലീസ് തന്ത്രപരമായ ഇടപെടല്‍ നടത്തിയെങ്കിലും യുവാക്കള്‍ പിന്മാറാൻ തയ്യാറായില്ല. രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയാല്‍ പൊലീസിന് കേസെടുക്കേണ്ടി വരുമെന്നും അത്തരക്കാര്‍ക്ക് സേനയില്‍ അവസരം നഷ്ടപ്പെടുമെന്നുമായിരുന്നു പൊലീസിന്‍റെ പ്രതികരണം.
കോഴിക്കോട്ട് ആര്‍മി റിക്രൂട്ട്‌മെന്‍റ് ആസ്ഥാനത്തേക്ക് നൂറുകണക്കിന് യുവാക്കള്‍ പ്രകടനം നടത്തി. നീതി കിട്ടും വരെ സമരമെന്നും പഴയ രീതിയില്‍ തന്നെ സേനകളില്‍ റിക്രൂട്ട്‌മെന്‍റ് വേണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ഒന്നര വര്‍ഷം മുന്‍പ് നടന്ന ആര്‍മി റിക്രൂട്ട്‌മെന്‍റ് റാലിയില്‍ കായിക ക്ഷമത പരീക്ഷ പാസായി മെഡിക്കല്‍ ഫിറ്റ്‌നെസ് ടെസ്റ്റും കഴിഞ്ഞ് എഴുത്ത് പരീക്ഷയ്ക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് യുവാക്കളാണ് നഗരത്തിലും തെരുവിലിറങ്ങിയത്.
പല തവണ പരീക്ഷ മാറ്റിവച്ച ശേഷമാണ് അവരെയെല്ലാം ഒഴിവാക്കി അഗ്നിപഥിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നത്. ഇതാണ് കേരളത്തിലും യുവാക്കളെ പ്രകോപിപ്പിച്ചത്. കായികക്ഷമത പരീക്ഷയും മെഡിക്കല്‍ ടെസ്റ്റും പൂര്‍ത്തിയാക്കിയ അയ്യായിരത്തിലേറെ പേര്‍ക്കാണ് കേരളത്തില്‍ അവസരം നഷ്‌ടപ്പെടുന്നത്. ഇപ്പോഴത്തേത് വെറും സൂചന സമരമല്ലെന്നും കേന്ദ്രം തീരുമാനം മാറ്റും വരെ സമരം തുടരുമെന്നുമാണ് സമരക്കാര്‍ അറിയിച്ചിട്ടുള്ളത്.