തിരുവനന്തപുരം: വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏത് റൂട്ടിലും ബസ് ഓടിക്കാൻ അനുമതി നൽകുന്ന കേന്ദ്ര ഉത്തരവിൽ അടിയന്തര യോഗം വിളിച്ച് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. രാജ്യവ്യാപകമായി ട്രാൻസ്പോർട്ട് വാഹനങ്ങളിലെ യാത്രക്കാർക്ക് യാത്രാ സംവിധാനം ഏർപ്പെടുത്തുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള അഗ്രഗേറ്റർ ലൈസൻസ് സംവിധാനം സംസ്ഥാനത്തെ പൊതു ഗതാഗത മേഖലയെ ദോഷകരമായി ബാധിക്കുമോ എന്ന് യോഗം ചർച്ച ചെയ്യും.
ഇക്കഴിഞ്ഞ നവംബർ 26നാണ് സംസ്ഥാനങ്ങൾക്ക് നടപ്പാക്കാവുന്ന വിധം മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റേഴ്‌സ് ലൈസൻസ് ഏർപ്പെടുത്താൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുമതി നൽകിയത്. ഉത്തരവ് പ്രകാരം ഇലക്ട്രോണിക് ആപ്പ് വഴി യാത്രക്കാർക്ക് യാത്രാ സംവിധാനം ഒരുക്കുന്നതിനുള്ള ലൈസൻസ് നൽകാം. അതേസമയം, കെഎസ്ആർടിസി നടപ്പിലാക്കുന്ന ക്രൂ ചെയ്ഞ്ച് സംവിധാനവും ഡ്രൈവർ കം കണ്ടക്ടർ നിയമനവും ഡിസംബർ നാലിന് ചർച്ച ചെയ്യും.